മഹാരാഷ്ട്രയില്‍ മകന് നേരെ വെടിയുതിർത്ത മുൻ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. പേരക്കുട്ടിയെ മർദിച്ചതിനാണ് മകന് നേരെ 68 കാരനായ ജവാന്‍ വെടിയുതിര്‍ത്തത്.
തിങ്കളാഴ്ച രാത്രി ചിന്താമണി നഗർ ഏരിയയിലാണ് സംഭവം നടന്നത്. നിലവിൽ ബാങ്ക് കാഷ് വാനുകളുടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പ്രതി 4 വയസ്സുള്ള കൊച്ചുമകനെ മർദിച്ചതിന് 40 വയസ്സുള്ള മകനെയും മരുമകളെയും ശകാരിച്ചു. എന്നാല്‍ ഇവര്‍ തുടര്‍ന്നും കുഞ്ഞിനെ മര്‍ദിച്ചതിനെ തുടര്‍ന്ന് പ്രതി ലൈസൻസുള്ള റൈഫിൾ ഉപയോഗിച്ച് മകനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ മകന്‍റെ കാലിലാണ് വെടിയേറ്റത്. ഇയാളെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. കൊലപാതകശ്രമം, ആയുധ നിയമ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ, ചെറുമകനെ ഉപദ്രവിച്ചതിലുള്ള ദേഷ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.