ഒന്നര ലക്ഷം രൂപ വില വരുന്ന ഐ ഫോണ്‍ വാങ്ങി നല്‍കാന്‍ അച്ഛന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി. നവി മുംബൈയിലെ കാമോത്തിലാണ് സംഭവം. കൗമാരക്കാരന്‍ ലഹരിക്കടിമയായിരുന്നുവെന്നും പഠനം അവസാനിപ്പിച്ച് വഴിവിട്ട കൂട്ടുകെട്ടില്‍പ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ മോഡല്‍ ഐ ഫോണ്‍ തനിക്ക് വേണമെന്ന് യുവാവ് അച്ഛനോട് ആവശ്യപ്പെട്ടത്. സിമന്‍റ് വ്യാപാരിയാണ് ജീവനൊടുക്കിയ കൗമാരക്കാരന്‍റെ അച്ഛന്‍. ഐ ഫോണ്‍ വാങ്ങി നല്‍കാന്‍ ആവശ്യമായ പണം കൈവശമില്ലെന്ന് പറഞ്ഞ അദ്ദേഹം മകന് വിവോയുടെ ഫോണ്‍ വാങ്ങി നല്‍കി. ഇതില്‍ നിരാശനായ മകന്‍ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. കൗമാരക്കാരന്‍റെ മരണം ആത്മഹത്യയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയേക്കില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.