വീരമൃത്യു വരിച്ച ക്യാപ്​റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്‍റെ ഭാര്യ സ്​മൃതിക്കെതിരെ ആരോപണങ്ങളുമായി മാതാപിതാക്കള്‍. തങ്ങളുടെ മകന് സര്‍ക്കാര്‍ നല്‍കിയ കീര്‍ത്തി ചക്ര ഗുരുദാസ്​പൂരിലെ വീട്ടിലേക്ക് സ്​മൃതി കൊണ്ടുപോയെന്നാണ് അന്‍ഷുമാന്‍റെ മാതാപിതാക്കളായ രവി പ്രതാപ് സിങ്ങും മാതാവ് മഞ്ജുവും പറഞ്ഞത്. കീര്‍ത്തിചക്രയില്‍ ഒന്നു തൊടാന്‍ പോലുമായില്ല. അന്‍ഷുമാന്‍റെ ചിത്രങ്ങളുള്ള ആല്‍ബവും വസ്​ത്രങ്ങളും സ്​മൃതി കൊണ്ടുപോയി. ചുമരില്‍ തൂക്കിയിരിക്കുന്ന അന്‍ഷുമാന്‍റെ ചിത്രം മാത്രമേ തങ്ങളുടെ പക്കലുള്ളുവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ മാതാപിതാക്കള്‍ പറ‍ഞ്ഞു.  

സൈനികൻ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ മാനദണ്ഡത്തിൽ (NOK) മാറ്റം വരുത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. മരുമകൾ സ്മൃതി തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും മകന്‍റെ മരണശേഷം ഭൂരിഭാഗം ആനുകൂല്യങ്ങളും ലഭിച്ചതും മരുമകള്‍ക്കാണെന്നും രവി പ്രതാപ് സിങ് പറഞ്ഞു. 

“എൻഒകെയിൽ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ഇക്കാര്യം സംസാരിച്ചു. അ‍ഞ്ച് മാസം മാത്രമേ മകന്‍ വിവാഹിതനായിരുന്നുള്ളൂ, അവര്‍ക്ക് മക്കളുമില്ല. മാലയിട്ട് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന മകന്‍റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ പക്കലുള്ളു. അതിനാലാണ് എന്‍ഒകെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് പറയുന്നത്. വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ വീട്ടില്‍ നില്‍ക്കുന്നതിന് അനുസരിച്ച് വേണം അത് തീരുമാനിക്കാന്‍,' രവി പ്രതാപ് സിങ്ങ് പറഞ്ഞു. 

ആര്‍മി നിയമം അനുസരിച്ച് സര്‍വീസിലിരിക്കുന്ന ജവാന്‍ മരിച്ചാല്‍ നെക്സ്​റ്റ് ഓഫ് കിന്‍ ആയിരിക്കുന്ന വ്യ​ക്​തിക്കാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ആര്‍മിയില്‍ ചേരുന്ന സമയത്ത് ജവാന്‍റെ മാതാപിതാക്കളുടെ പേരായിരിക്കും എന്‍ഒകെ ആയി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. സൈനികന്‍റെ വിവാഹം കഴിഞ്ഞാല്‍ പിന്നെ ഭാര്യയായിരിക്കും എന്‍ഒകെ. 

സിയാച്ചിനിലെ ആര്‍മി മെഡിക്കല്‍ ഓഫിസറായിരുന്നു അന്‍ഷുമാന്‍ സിങ് കഴിഞ്ഞ വര്‍ഷം ജൂലൈ 19നാണ് മരിച്ചത്. ബങ്കറിലുണ്ടായ തീപിടുത്തത്തില്‍ ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷപ്പെടുത്തുന്നതിനിടെ അദ്ദേഹത്തിന് പൊള്ളലേൽക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അൻഷുമാൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

ENGLISH SUMMARY:

Parents of martyred Captain Anshuman Singh have made allegations against his wife Smriti