വിഴിഞ്ഞത്തെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ നാളെ രാവിലെ തിരികെ പോകും. കണ്ടെയ്നറുകള്‍ ഇറക്കുന്നത് മന്ദഗതിയിലായതിനാലാണ് മടക്കം നാളത്തേക്ക് മാറ്റിയത്. ഇതുവരെയുള്ള ട്രയല്‍ റണ്‍ പൂര്‍ണ വിജയമാണെന്നും പോര്‍ട് അധികൃതര്‍ അറിയിച്ചു. 

അഭിമാനക്കാഴ്ചയായി കൂറ്റന്‍ അമ്മക്കപ്പല്‍ വിഴിഞ്ഞത്ത് തുടരുകയാണ്. ദൂരെ നിന്നാണങ്കില്‍ പോലും ആ കാഴ്ചയൊന്ന് കാണാന്‍ നാട്ടുകാരും ഓടിയെത്തുന്നു. നാളെ നേരം പുലരും വരെ ഈ കാഴ്ച ആസ്വദിക്കാം. ഇന്ന് വൈകിട്ടോടെ മടങ്ങുമെന്ന് കരുതിയെങ്കിലും ചരക്ക് കൈമാറ്റ നടപടികള്‍ വൈകുന്നതിനാല്‍ നാളത്തേക്ക് മാറ്റി. 

1930 കണ്ടെയ്നറുകളില്‍ ആയിരത്തി ഇരുന്നൂറോളമേ ഇറക്കിയിട്ടുള്ളു. ബാക്കികൂടി ഇറക്കിയ ശേഷം 607 കണ്ടെയ്നറുകള്‍ തിരികെ കയറ്റിയും പരീക്ഷിക്കും. അതിന് ശേഷമാണ് സാന്‍ ഫെര്‍ണാണ്ടോ കൊളംബോ തീരത്തേക്ക് മടങ്ങുന്നത്. ഇവിടെ ഇറക്കിയ കണ്ടെയ്നറുകള്‍ മുംബൈ, ചെന്നൈ, മംഗളൂരു, കൊല്‍ക്കത്ത തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. അതിനായി രണ്ട് ഫീഡര്‍ ഷിപ്പുകള്‍ അടുത്തയാഴ്ചയോടെ വിഴിഞ്ഞത്തെത്തും.ഇങ്ങിനെ കപ്പലുകള്‍ വന്ന് പോകുന്ന ട്രയല്‍ റണ്‍ കാലമാണ് ഇനി മൂന്ന് മാസം.