ഡല്‍ഹി ജിടിബി ആശുപത്രി വാര്‍ഡില്‍ രോഗിയെ വെടിവച്ചുകൊന്നതിന് പിന്നാലെ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരും നഴ്സുമാരും. സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതേസമയം രോഗിയെ വെടിവച്ചുകൊന്ന പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെയും സൂചനയില്ല.
ഇന്നലെ വൈകുന്നേരമാണ് ജിടിബി ആശുപത്രിയുടെ മൂന്നാംനിലയില്‍ കയറി വാര്‍ഡില്‍ കിടന്നിരുന്ന റിയുസിദീനെന്ന 32 കാരനെ വെടിവച്ചുകൊന്നത്. 18 വയസ്സിനോടടുത്ത് പ്രായമുള്ള യുവാവാണ് കൃത്യം നടത്തിയത്. ആളുമാറിയുള്ള കൊലയാണെന്നാണ് പ്രാഥമിക വിവരം. ഇതിനിടെയാണ്, ആശുപത്രിയില്‍ സുരക്ഷ ആവശ്യപ്പെട്ട് ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധം തുടങ്ങിയത്.
മലയാളികളടക്കമുള്ള ഡോക്ടര്‍മാരും നഴ്സുമാരുമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ക്രമസമാധാന പാലം ഡല്‍ഹി പൊലീസിന്‍റെ ഉത്തരവാദിത്തമായിരിക്കെ ലഫ്. ഗവര്‍ണര്‍ മറുപടി പറയണമെന്ന് ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ച് പൊലീസിന് ഇപ്പോഴും വ്യക്തമായ സൂചനയില്ല.