നാസയുടെ ICESat-2 ഉപഗ്രഹത്തിന്‍റെ സഹായത്തോടെ രാമസേതുവിന്‍റെ സമുദ്രാന്തര്‍പ്പാത ഭൂപടം നിര്‍മിച്ച് ഐ.എസ്.ആര്‍.ഒ. 2018 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള ആറുവര്‍ഷക്കാലത്ത് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭൂപടം നിര്‍മിച്ചത്. ICESat-2 ന്‍റെ നൂതന ലേസർ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
നാസയുടെ ഉപഗ്രഹമായ ICESat-2 ന്‍റെ വാട്ടർ പെൻട്രേറ്റഡ് ഫൊട്ടോണുകൾ ഉപയോഗിച്ച് നിര്‍മിച്ച രാമസേതു (ആദംസ് ബ്രിജ്)വിന്‍റെ അതിസങ്കീർണ വിവരങ്ങൾ നൽകുന്ന ആദ്യ റിപ്പോർട്ടാണിത്. രാമസേതുവിനെ കുറിച്ചും അതിന്‍റെ ഉത്ഭവത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. രാമസേതു സ്ഥിതിചെയ്യുന്നിടത്ത് ആഴം വളരെ കുറവായിരുന്നതിനാല്‍ കപ്പൽ ഉപയോഗിച്ചുള്ള മാപ്പിങ് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് രാമസേതുവിന്‍റെ ഉയർന്ന ഭാഗങ്ങളിൽ മാത്രമായിരുന്നു ഗവേഷണം നടന്നിരുന്നത്. ICESat-2 ഉപയോഗിച്ച് കൂടുതല്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിഞ്ഞതായി ഐ.എസ്.ആർ.ഒയുടെ ജോധ്പൂർ, ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിങ് സെന്‍ററുകളില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു.
രാമസേതുവിന്‍റെ 99.8% ഭാഗവും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് പഠനം സ്ഥിരീകരിക്കുന്നുണ്ട്. മാന്നാർ ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ വെള്ളം ഒഴുകാൻ അനുവദിക്കുന്ന 2 മുതല്‍ 3 മീറ്റർ വരെ ആഴമുള്ള 11 ഇടുങ്ങിയ ചാനലുകളും കണ്ടെത്തിയിട്ടുണ്ട്. ചുണ്ണാമ്പുകല്ലുകളുടെ ശൃംഖലയാല്‍ നിര്‍മിതമാണ് രാമസേതു.
ആദം ബ്രിജെന്ന് അറിയപ്പെടുന്ന രാമസേതു തമിഴ്നാടിന്‍റെ തെക്കു കിഴക്കന്‍ തീരമായ രാമേശ്വരത്തെ ശ്രീലങ്കയിലെ ഗള്‍ഫ് ഓഫ് മാന്നാറുമായി ബന്ധിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്. 48 കിലോമീറ്ററാണ് ഈ ഭാഗത്തിന്‍റെ ദൈര്‍ഘ്യം. ഗള്‍ഫ് ഓഫ് മാന്നാറിനെ പാക്ക് കടലിടുക്കുമായി വേര്‍തിരിക്കുന്നതും രാമസേതുവാണ്. പതിനഞ്ചാം നൂറ്റാണ്ട് വരെ പ്രകൃതിദത്തമായ ഈ പാലം നിലനിന്നിരുന്നുവെന്നും പിന്നീട് കൊടുങ്കാറ്റിലും തിരമാലകളിലും പെട്ട് തകര്‍ന്നുവെന്നുമാണ് അനുമാനിക്കുന്നത്.
ജൂണ്‍ ആദ്യ വാരം രാമസേതുവിന്‍റെ ആകാശ ദൃശ്യം പങ്കുവച്ച് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും രംഗത്തെത്തിയിരുന്നു. കോപ്പര്‍നിക്കസ് സെന്‍റിനല്‍ –2 ഉപഗ്രഹം പകര്‍ത്തിയ ചിത്രമാണ് ഇ.എസ്.എ പുറത്തുവിട്ടത്.