ബോയിങ്ങിന്റെ സ്റ്റാര്‍ലൈന്‍ പേടകത്തില്‍ 2024 ജൂണ്‍ അഞ്ചിനാണ് 62കാരനായ നാസയുടെ ബൂച്ച് വില്‍മോറും 59 വയസുള്ള ഇന്ത്യന്‍ വംശജ സുനിത വില്യംസും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നെങ്കിലും 287 ദിവസം ദൗത്യം നീണ്ടു.
പലതരത്തിലുള്ള പ്രതിസന്ധികളായിരുന്നു ദൗത്യം നീളാന്‍ കാരണം. വിക്ഷേപണത്തിന് മുന്‍പും ശേഷവും പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ചയായിരുന്നു പ്രധാന പ്രതിസന്ധി. പേടകത്തെ മുന്നിലേക്ക് നയിക്കുന്ന ത്രസ്റ്റുകള്‍ക്ക് കൂടി തകരാറിലായതോടെ അതേ പേടകത്തില്‍ ഇരുവരെയും ഭൂമിയില്‍ തിരിച്ചെത്തിക്കുന്നത് അപകടമായിരുന്നു. ഇത് മുന്നില്‍ കണ്ട് സ്റ്റാര്‍ ലൈന്‍ പേടകത്തെ മാത്രം സെപ്റ്റംബര്‍ 24ന് ഭൂമിയില്‍ തിരിച്ചെത്തിച്ചു. പിന്നീട് അനിശ്ചിതത്വത്തിന്‍റെ ദിനങ്ങളായിരുന്നു.എങ്കിലും നിറഞ്ഞ ഒന്‍പത് മാസത്തെ വെല്ലുവിളികളെ നേട്ടമാക്കി മാറ്റുകയായിരുന്നു സുനിത വില്യംസും ബുച്ച് വില്‍മോറും. ആറ് മണിക്കൂറിലധികം ബഹിരാകാശത്ത് നടന്ന് സുനിത വില്യംസ് റെക്കോര്‍ഡിട്ടു.
ബഹിരാകാശത്തെ മനുഷ്യവാസത്തെ കുറിച്ചുള്ള പഠനങ്ങള്‍, ചീര നട്ടുള്ള പരീക്ഷണം, ബഹിരാകാശത്ത് നിന്നുള്ള ക്രിസ്മസ്, ന്യൂയര്‍ ആശംസകള്‍ അങ്ങനെ ഒരുപാട്. അതിനിടെ ഭൂമിയില്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും വിവാദങ്ങളും ചൂടുപിടിക്കുകയായിരുന്നു. സുനിതയെയും വില്‍മോറിനെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയത് ബോയിങ് കമ്പനി ആണെങ്കിലും തിരികെ കൊണ്ടുവരാന്‍ അവര്‍ക്കായില്ല. ബോയിങ്ങിന്‍റെ ഈ ബലഹീനത നേട്ടമാക്കി മാറ്റാന്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനായി. ഇരുവരെയും തിരികെ കൊണ്ടുവരാമെന്ന് കമ്പനി ഉറപ്പുനല്‍കി. അങ്ങനെ ക്രൂ–10 ദൗത്യം മാര്‍ച്ച് 14ന് വിക്ഷേപണം നടത്തി 16ന് ബഹിരാകാശ നിലയത്തില്‍ എത്തുകയും ചെയ്തു. ഒരുദിവസത്തിന് ശേഷം ക്രൂ–9 ദൗത്യത്തിനൊപ്പം ഇരുവരും ഭൂമിയിലേക്ക്.