farmer-mall

TOPICS COVERED

ധോതി ധരിച്ച കർഷകന് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്ന മാള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. വസ്തുനികുതി അടയ്ക്കാത്തതിൻ്റെ പേരിലാണ് ബംഗളൂരുവിലെ  ജിടി വേൾഡ് മാൾ അടച്ചുപൂട്ടാൻ ബംഗളൂരു പൗരസമിതി തീരുമാനിച്ചത്.ഫക്കീരപ്പ എന്ന കര്‍ഷകനാണ്  ധോത്തി ധരിച്ചതിൻ്റെ പേരിൽ  മാളിൽ പ്രവേശനം നിഷേധിച്ചത്. സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ നിരവധി കന്നഡ അനുകൂല സംഘടനകളും കർഷക അനുകൂല സംഘടനകളും മാളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പിന്നീട് മാളിൻ്റെ സെക്യൂരിറ്റി മേധാവി മാപ്പ് പറയുകയും ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

 കർഷകന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 1.78 കോടി രൂപയുടെ പ്രോപ്പർട്ടി ടാക്സ് കുടിശ്ശികയുടെ പേരിൽ മാൾ സീൽ ചെയ്യാൻ പൗരസമിതി തീരുമാനിച്ചത്.മഗഡി മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന മാളിന് 2023-24 സാമ്പത്തിക വർഷത്തെ പ്രോപ്പർട്ടി ടാക്സ് കുടിശ്ശിക അടക്കാനായില്ല, ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) മാളിന് നോട്ടീസ് നൽകി.അതിനിടെ, ഫക്കീരപ്പയെയും കുടുംബത്തെയും മാളിലേക്ക് കടക്കുന്നത് തടഞ്ഞെന്നാരോപിച്ച് ജിടി വേൾഡ് മാൾ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ ബംഗളൂരുവിലെ കെമ്പപുര അഗ്രഹാര പോലീസും കേസെടുത്തു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 126(2) (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ചവരിൽ ഒരാളായ ധർമ്മരാജ് ഗൗഡയുടെ പരാതിയെ തുടർന്നാണ് കേസ്.

കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനത്തിലും സംഭവം ചർച്ചയായി. അത്താണി എംഎൽഎ ലക്ഷ്മൺ സവാദി മാൾ അധികൃതരെ വിമർശിക്കുകയും സർക്കാർ മാളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് പറഞ്ഞു. ‘മാൾ ഉടമ 'സ്യൂട്ട് ബൂട്ട്' ആളുകളെ മാത്രമേ അനുവദിക്കൂ എങ്കിൽ,  യുഎസിൽ ഒരു മാൾ തുറക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. മാളിനെതിരെ സർക്കാർ നടപടിയെടുക്കേണ്ടതുണ്ടെന്ന് കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദറും പറഞ്ഞു. സംസ്ഥാനത്തിൻ്റെ പരമ്പരാഗത വസ്ത്രം ധരിച്ചതിൻ്റെ പേരിൽ പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല, ഉടമ ആരായാലും നടപടിയെടുക്കണം... ഈ സംഭവം മറ്റ് മാളുകൾക്ക് ഒരു പാഠമാകണം’ എന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.ഏഴ് ദിവസത്തേക്ക് സർക്കാർ മാൾ അടച്ചിടുമെന്ന് നഗരവികസന മന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി.