ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയവര്‍ക്കായുള്ള തിരിച്ചില്‍ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഷിരൂരിലെത്തി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി. കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും എന്‍.ഡി.ആര്‍.എഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം.
അതേസമയം, തിരച്ചിലിൽ നനഞ്ഞ മണ്ണും ഉറവകളും വെല്ലുവിളി ഉയര്‍ത്തുന്നു. അറുപതിലേറെ രക്ഷാപ്രവര്‍ത്തകരാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സിഗ്നല്‍ ലഭിച്ച മൂന്നിടങ്ങളില്‍ റഡാര്‍ ഉപയോഗിച്ച് എന്‍.ഐ.ടി. സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. എന്നാല്‍ നനഞ്ഞ മണ്ണായതിനാല്‍ സിഗ്നല്‍ കൃത്യമല്ല. ലോറിയെക്കുറിച്ച് കൃത്യമായ സൂചനകളിലേക്ക് ഇതുവരെ എത്താനായില്ല.
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. തിരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസമാണ്. അര്‍ജുനടക്കം 3 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. മുന്നിലുള്ളത് വലിയ ദൗത്യമാണ്. നൂറ് മീറ്റർ ദൂരത്തിലുള്ള മണ്ണ് നീക്കണം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തുണ്ട്. റഡാർ കൂടി എത്തിച്ചതോടെ തിരച്ചിലിന് വേഗം കൈവന്നു. സൂറത്കല് എന്ഐടിയിലെ വിദഗ്ധസംഘമാണ് റഡാറുമായുള്ള തിരച്ചിലിന് നേതൃത്വം നല്കുന്നത്.
തിരച്ചിലിന് കാലാവസ്ഥ വെല്ലുവിളിയെന്ന് കാര്‍വാര്‍ എസ്.പി എം.നാരായണ്‍. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്‍റെ ബന്ധുക്കളെ കടത്തിവിടും. കൂടുതല്‍ ആളുകളെ കടത്തിവിടാത്തത് സുരക്ഷിതമല്ലാത്തതിനാല്‍. രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഐഐടി വിദഗ്ധനുമുണ്ടെന്നും എസ്.പി പറഞ്ഞു. എന്നാൽ കാലവസ്ഥ അനുകൂലമായിട്ടും മണ്ണ് നീക്കം ചെയ്യുന്നതിൽ കാലതാമസമുണ്ടായെന്ന് ലോറിയുടമ മനാഫ് ആരോപിച്ചു. റഡാർ ഉപയോയിച്ചു നടത്തുന്ന തിരച്ചിലിൽ ചില സിഗ്നലുകൾ ലഭിച്ചെങ്കിലും ലോറിയുടെ സാന്നിധ്യം ഇതുവരെ ഉറപ്പിക്കാനായില്ല.
അങ്കോല പൊലീസിനെതിരെ അർജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. അപകടം നടന്ന വിവരം അറിഞ്ഞയുടൻ അങ്കോല പൊലീസിനെ വിവരം അറിയിച്ചുവെന്നും കാര്യക്ഷമമായ തിരച്ചിൽ ഉണ്ടായില്ലെന്നും സഹോദരി അഞ്ജു പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. രക്ഷാപ്രവർത്തനത്തിലെ വീഴ്ച്ച പിന്നീട് ചർച്ച ചെയ്യാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഒരു ഡിവൈഎസ്പിയടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അപകട സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ഏകോപിക്കുന്നുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാ ദൗത്യത്തിനായി എല്ലാ വിദഗ്ദ്ധരും അപകടസ്ഥലത്ത് എത്തിയെന്നും കർണ്ണാടക സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നതായും ചീഫ് സെക്രട്ടറി വി വേണുവും പറഞ്ഞു. സർക്കാർ പ്രതിനിധികൾ അർജുന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് അങ്കോലയിലെ രക്ഷാപ്രവർത്തന വിവരങ്ങൾ അറിയിക്കുന്നുണ്ട്.