ഒഡിഷയിലെ ബുര്‍ളയിലുള്ള വീര്‍ സുരേന്ദ്രസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങളായിരിക്കും. ബൊലാംഗിറിലെ ഭീമ ഭോയി മെഡിക്കല്‍ കോളജില്‍ നിന്ന് റഫര്‍ ചെയ്തുവന്ന രേഷ്മ ബെഹറ എന്ന പത്തൊന്‍പതുകാരിയാണ് അവരെ ഞെട്ടിച്ചത്. തലവേദനയ്ക്ക് ചികില്‍സ തേടി ബൊലാംഗിര്‍ ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ സിടി സ്കാനിന് വിധേയയാക്കിയപ്പോള്‍ തലയ്ക്കുള്ളില്‍ ഏതാനും സൂചികള്‍ കുത്തിക്കയറ്റിയിരിക്കുന്നത് കണ്ടെത്തി. എട്ട് സൂചികള്‍ അവിടെവച്ച് പുറത്തെടുത്തു. എന്നാല്‍ നിലമെച്ചപ്പെടാതെ വന്നതോടെ ബുര്‍ള വിംസറിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
വിംസറില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടത് ദുസ്വപ്നങ്ങളില്‍പ്പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു. ആ ചെറിയ തലയില്‍ മുഴുവന്‍ സൂചികള്‍! വെള്ളിയാഴ്ച മാത്രം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് എഴുപതെണ്ണം. വീണ്ടും പരിശോധിച്ചപ്പോള്‍ കൂടുതല്‍ സൂചികള്‍ കണ്ടെത്തി. ശനിയാഴ്ച ഏഴെണ്ണം കൂടി പുറത്തെടുത്തു. എല്ലാം തലയോട്ടിയെ പൊതിഞ്ഞ കട്ടിയുള്ള സ്തരത്തിനടിയില്‍. ഭാഗ്യത്തിന് അസ്ഥികളില്‍ കേടുപാടില്ല. ഇതെല്ലാം എങ്ങനെ തലയില്‍ കുത്തിക്കയറ്റി എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഡോക്ടര്‍മാരെ വീണ്ടും ഞെട്ടിച്ചത്.
നാലുവര്‍ഷം മുന്‍പ് അമ്മ മരിച്ചശേഷം രേഷ്മയ്ക്ക് ഇടയ്ക്കിടെ അസുഖങ്ങള്‍ വരുമായിരുന്നു. സമീപത്തെ ആശുപത്രികളില്‍ കാണിച്ചെങ്കിലും പൂര്‍ണമായി ഭേദപ്പെട്ടില്ല. അപ്പോഴാണ് ഗ്രാമത്തിലുള്ള മന്ത്രവാദ ചികില്‍സകനെ സമീപിച്ചത്. അദ്ദേഹത്തിന്‍റെ വിക്രിയകളാണ് പെണ്‍കുട്ടിക്ക് തീരാവേദനയും അണുബാധയുമെല്ലാം സമ്മാനിച്ചത്. മന്ത്രവാദ ചികില്‍സയുടെ ഭാഗമായാണ് സൂചികള്‍ തലയില്‍ കുത്തിക്കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ ചികില്‍സകനെ കാന്താബാന്‍ജി പൊലീസ് അറസ്റ്റ് ചെയ്തു.
ശസ്ത്രക്രിയകള്‍ കഴിഞ്ഞ രേഷ്മയുടെ നില തൃപ്തികരമാണെന്ന് വിംസര്‍ ഡയറക്ടര്‍ അറിയിച്ചു. അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഐസിയുവില്‍ നിരീക്ഷണത്തിലാണ് പെണ്‍കുട്ടി. മാനസികാരോഗ്യ വിദഗ്ധനടക്കമുള്ള ഡോക്ടര്‍മാര്‍ തുടര്‍ചികില്‍സയില്‍ പങ്കാളികളാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.