മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ റോഡിലുള്ള 98 ശതമാനം മണ്ണും നീക്കിക്കഴിഞ്ഞുവെന്ന് കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണഭൈരഗൗഡ. എന്നാല്‍ ട്രക്ക് കണ്ടെത്താനായില്ലെന്ന മന്ത്രിയുടെ വാക്കുകള്‍ ഷിരൂരിലെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. കുടുംബത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടേയും ആവശ്യമനുസരിച്ചുള്ള തരത്തിലുള്ള തിരച്ചിലാണ് നടത്തിയത്. റോഡില്‍ കിടന്ന മണ്ണ് മുഴുവനായും നീക്കിക്കളഞ്ഞു. അതേസമയം റോഡിന്റെ വശത്ത് മലയോട് ചേര്‍ന്നും മണ്ണ്കൂനയുണ്ടെങ്കിലും അത് നീക്കുന്നത് ഭൂമിശാസ്ത്രപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
റോഡിലെ 98ശതമാനം മണ്ണുനീക്കിക്കഴിഞ്ഞു. റഡാര്‍ സിഗ്നല്‍ നല്‍കിയ ഭാഗത്തെ മണ്ണെല്ലാം നീക്കി. വണ്ടി നിര്‍ത്തിയിടാന്‍ സാധ്യതയുള്ള മേഖലയാണ് ഇത്.അവിടെ ട്രക്കിന്റ സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇനി അടുത്ത നടപടികളിലേക്കാണ് രക്ഷാപ്രവര്‍ത്തനം നീങ്ങുക.തൊട്ടടുത്ത പുഴയായ ഗംഗാവതിയില്‍ പലയിടങ്ങളിലായി മഞ്ഞുമല രൂപപ്പെട്ടിട്ടുണ്ടെന്നും ഇനിയുള്ള സാധ്യത അതാണെന്നും പറഞ്ഞുവക്കുന്നു മന്ത്രി.
അര്‍ജുന്‍ സാധാരണ അങ്കോല ട്രിപ്പില്‍ ചായകുടിക്കാനും കുളിക്കാനും മറ്റുമായി നിര്‍ത്തിയിടുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള ഗംഗാവതിയിലാണ് അര്‍ജുന്‍ കുളിക്കാറുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇനി തിരയാനുളളത് മണ്ണുവന്നുവീണ് വന്‍മല രൂപപ്പെട്ട ഗംഗാവതിയുടെ മേഖലകളിലാണ്. പുഴയില്‍ തിരച്ചില്‍ നടത്താനുള്ള ശ്രമമായിരിക്കും ഇനി നടത്തുക. ഒന്നരമീറ്റര്‍ നീളത്തിലുള്ള 40ടണ്‍ഭാരമുള്ള ലോഡാണ് ലോറിയിലുള്ളത്. കട്‌പീസ് എന്നു വിളിക്കുന്ന മുന്നൂറോളം തടിക്കഷ്ണങ്ങളാണ് അര്‍ജുന്റെ ലോറിയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. തിരച്ചില്‍ ആറാംദിവസത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിആര്‍എഫും എസ്‌ഡിആര്‍എഫും നേവിയും സൈന്യവും രംഗത്തുണ്ട്. ലോഹഭാഗങ്ങളുണ്ടെന്ന തരത്തില്‍ റഡാറില്‍ ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ തിരച്ചില്‍ നടത്തിയത്. എന്നാല്‍ ലോറിയുണ്ടെന്ന് കരുതിയ ഭാഗത്തൊന്നും അത്തരമൊരു സാന്നിധ്യം കണ്ടെത്താനായില്ല. ഇനി റോഡിനു സമീപത്ത് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ആ ഭാഗത്തൊന്നും ട്രക്കുണ്ടാവാനുള്ള സാധ്യതയില്ലെന്നും ഇവര്‍ വിലയിരുത്തുന്നു.