രാജ്യത്തിന്‍റെ പ്രതിരോധ ബജറ്റ് ഇത്തവണ ആറര ലക്ഷം കോടി രൂപ കടക്കുമോ ?. ആഭ്യന്തര ആയുധ നിര്‍മാണത്തിന് ഊന്നല്‍ നല്‍കി സേനയുടെ നവീകരണം ലക്ഷ്യമിട്ടുള്ള ബജറ്റ് വിഹിതം പ്രതിരോധമന്ത്രാലയത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അഗ്നിവീറുകള്‍ക്കുള്ള ആനുകൂല്യങ്ങളിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട് .
പ്രതിരോധ സേനകളുടെ ദൈനംദിന ചെലവ് കുറച്ച്, സേനയുടെ ആധുനികതയ്ക്ക് കൂടുതല്‍ പണം ചെലവിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും ധനമന്ത്രിയുടെ ബജറ്റവതരണം. കഴിഞ്ഞതവണ പ്രതിരോധച്ചെലവില്‍ 12.95 ശതമാനം വര്‍ധന വരുത്തി 5.94 ലക്ഷം കോടിയാണ് അനുവദിച്ചത്. ഇതില്‍ 2.70 ലക്ഷം കോടി രൂപ സൈന്യത്തിന്‍റെ ദൈനംദിന നടത്തിപ്പിനുള്ളതാണ്. പുതിയ വിമാനങ്ങള്‍, ടാങ്കുകള്‍, കപ്പലുകള്‍, കവചിത വാഹനങ്ങള്‍, പീരങ്കികള്‍, മിസൈലുകള്‍ തുടങ്ങി വന്‍ ആയുധങ്ങള്‍ വാങ്ങാനുള്ള പണം നടത്തിപ്പ് ചെലവിനേക്കാള്‍ കുറവായിരുന്നു.
ഇന്ത്യ പ്രതിരോധ മേഖലയില്‍ ചെലവഴിക്കുന്ന തുകയുടെ മൂന്നിരട്ടിയാണ് ചൈന ചെലവഴിക്കുന്നത്. ചൈനാ അതിര്‍ത്തിയിലെ അരക്ഷിതാവസ്ഥയും പാക് ഭീഷണിയും അതേപടി നില്‍ക്കുമ്പോള്‍ വലിയ ആവശ്യങ്ങള്‍ കര–നാവിക–വ്യോമ സേനകള്‍ക്കുണ്ട്. സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്നിപഥില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യംവും ബാക്കിയാണ്.