നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോർച്ച വ്യാപകമാണെന്നതിന് തെളിവില്ലെന്ന് സുപ്രീം കോടതി. ചോര്‍ന്ന ചോദ്യപേപ്പര്‍ രാജ്യത്തുടനീളം വ്യാപിച്ചെന്ന് കാണിക്കാൻ ഇതുവരെ ഒരു തെളിവുമില്ലെന്നും നീറ്റ് ഹര്‍ജികളിലെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. ചോർച്ച ഹസാരിബാഗിലും പട്‌നയിലും മാത്രമായി ഒതുങ്ങുന്നതാണോ അതോ വ്യാപകമാണോ എന്ന് ബോധ്യപ്പെടുത്തണമെന്നും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, ചോദ്യപേപ്പര്‍ ബാങ്കുകളിലേക്ക് മാറ്റുന്നതിന് മുന്‍പ് തന്നെ ചോര്‍ന്നുവെന്നാണ് കരുതേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബിഹാര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് പരീക്ഷാത്തലേന്ന്, മെയ് നാലിനാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെന്നും ചോര്‍ച്ച അഞ്ചിന് രാവിലെയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഉച്ചയ്ക്കു ശേഷം കേന്ദ്രവും ദേശിയ പരീക്ഷാ ഏജന്‍സിയും മറുപടി പറയും. നീറ്റ് പരീക്ഷ റദ്ദാക്കണമോയെന്നതിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധിയോ നിർണായക നിർദ്ദേശമോ ഇന്നുണ്ടായേക്കും.