കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള തിരച്ചില്‍ ആരംഭിച്ചു. ശക്തിയേറിയ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് ഇന്നത്തെ പരിശോധന. മുഴുവന്‍ സമയവും സൈന്യം തിരച്ചിലിന്‍റെ ഭാഗമാകും.
പുഴയോട് ചേര്‍ന്നുള്ള തീരത്തെ മണ്ണ് മാറ്റുന്ന ജോലികളാണ് കൂടുതലായി നടക്കുക. ഇവിടെയും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തും. എന്തെങ്കിലും സംശയകരമായ വസ്തു കണ്ടെത്തിയാല്‍ ആ ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കി തന്നെ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം ഈ ഭാഗത്തെ മണ്ണിലും പാറകളിലും ലോഹ അയിരുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. അതിനാല്‍ മെറ്റല്‍ ഡിറ്റക്ടര്‍ റഡാറിലെ സിഗ്നലുകള്‍ തെറ്റാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം റഡാറില്‍ വാഹന സാന്നിധ്യം സ്ഥിരീകരിച്ചതായി ദൗത്യ സംഘം പറഞ്ഞിരുന്നു. എന്നാല്‍ മണ്ണ് നീക്കിയപ്പോള്‍ വന്‍തോതില്‍ ഇരുമ്പ് അയിരുകള്‍ അടങ്ങിയ പാറയാണ് കണ്ടെത്തിയത്.
ആറുമീറ്ററിലധികം പുഴയ്ക്ക് ആഴമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മണ്ണിടിച്ചിലിന്‍റെ ഭാഗമായി പുഴയിലും ടണ്‍ കണക്കിന് മണ്ണ് ഒഴുകിയെത്തിയിട്ടുണ്ട്. അതിനടിയിലും അര്‍ജുനോ ലോറിയോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. രണ്ട് കര്‍ണാടക സ്വദേശികളെയും അര്‍ജുനൊപ്പം കാണാതായിട്ടുണ്ട്.
നേവിയുടെ സ്കൂബ ഡൈവിങ് സംഘങ്ങള്‍ ഷിരൂര്‍ മുതല്‍ ഗോകര്‍ണം വരെയുള്ള ഭാഗങ്ങളില്‍ മുങ്ങി തപ്പുന്നുണ്ട്. പക്ഷേ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. നേരത്തെ ജിപിഎസ് ലൊക്കേഷന്‍ ലഭിച്ചയിടത്തെ മണ്ണ് നീക്കുമ്പോള്‍ അര്‍ജുന്‍റെ ലോറി കണ്ടെത്താന്‍ സാധിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല. പിന്നാലെയാണ് തിരച്ചിലിന്‍റെ രീതി മാറ്റാന്‍ തീരുമാനിച്ചത്.