കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തനായി പുഴയിൽ നിന്ന് ചെളി വാരിയുള്ള തിരച്ചിൽ അല്പസമയത്തിനകം തുടങ്ങും. ഇതിനായി ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്ഥലത്ത് എത്തിച്ചു. വൈകിട്ടോടെ നിർണായക വിവരം കൈമാറാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കർണാടക സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ. ഇന്നലെ വൈകിട്ട് സൈന്യത്തിന്റെ പരിശോധനയിൽ വെള്ളത്തിലെ മണ്‍കൂനയില്‍ നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. ഇവിടം കേന്ദ്രീകരിച്ചാകും ചെളിവാരുക.ബോറിങ് യന്ത്രത്തിന് പകരമാണ് ബൂമര്‍ ഉപയോഗിക്കുന്നത്. 60 അടിയോളം നീളത്തില്‍ പുഴയിലെ ചെളി നീക്കം ചെയ്യും. എം.എല്‍.എ. സതീഷ് സെയില്‍ സ്വന്തം ചെലവിലാണ് ഇത് ചെയ്യുന്നത്. ഷിരൂരില്‍ മലയിടിയുന്നതിന്‍റെയും നാട്ടുകാര്‍ ഭയന്ന് ചിതറി ഓടുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇന്നല പുറത്ത് വന്നിരുന്നു.
അതിനിടെ, അര്‍ജുന്റെ രക്ഷാപ്രവർത്തനത്തിനായി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിൽ കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ട് നല്‍കാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക. അപകടം ഗൗരവതരമാണെന്ന് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കാണാതായ പത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് കേന്ദ്ര സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചത്. രക്ഷാപ്രവർത്തനത്തിന് സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.