രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരില്‍ മാറ്റം. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്‍റേയും അശോക് ഹാളിന്‍റേയും പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ദര്‍ബാര്‍ ഹാളിന്‍റെ പേര് 'ഗണതന്ത്ര മണ്ഡപ'മെന്നും അശോക ഹാൾ, 'അശോക മണ്ഡപ'മെന്നുമാണ് പുനര്‍നാമകരണം ചെയ്തതിരിക്കുന്നത്. ദര്‍ബാര്‍ എന്ന വാക്കിന് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം. ഇക്കാര്യം അറിയിച്ച് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി.

ദേശീയ പുരസ്കാര സമര്‍പ്പണമടക്കമുളള പ്രധാന ചടങ്ങുകള്‍ നടത്തുന്ന ഇടമാണ് രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍. ബ്രിട്ടീഷുകാരും ഇന്ത്യന്‍ രാജാക്കന്‍മാരും ഒത്തുചേര്‍ന്നിരുന്ന സ്ഥലത്തിന് പറയുന്ന പേരാണ് ദര്‍ബാര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ദര്‍ബാര്‍ ഹാളിന്‍റെ പേര്  ഗണതന്ത്ര മണ്ഡപമെന്ന് മാറ്റിയിരിക്കുന്നത്. ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ വേരൂന്നിയതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപമെന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. അശോക എന്ന വാക്കുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ ഭാഷാപരമായ ഏകരൂപം കൈവരിക്കലുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ENGLISH SUMMARY:

Rashtrapati Bhavan renames Durbar Hall, Ashok Hall as Ganatantra Mandap and Ashok Mandap