പത്താം ദിവസം അര്‍ജുന് അരികെ ദൗത്യം എത്തിനില്‍ക്കുമ്പോള്‍ ലോറിയുടെ കാബിനില്‍ അര്‍ജുന്‍ ഉണ്ടോ? എങ്ങനെ ലോറി ഉയര്‍ത്താനാകും എന്നീ ചോദ്യങ്ങള്‍ക്ക് അരികിലാണ് ദൗത്യ സംഘം എത്തിനില്‍ക്കുന്നത്. നിലവില്‍ ട്രക്ക് തലകീഴായാണ് പുഴയില്‍ വീണുകിടക്കുന്നത് എന്നാണ് വിവരം. എന്നാല്‍ കാബിന് തകര്‍ന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരത്തടികളും ലോറിയില്‍ നിന്ന് കെട്ടഴിഞ്ഞ് പോയിട്ടില്ല എന്നാണ് നിഗമനം. അങ്ങിനെയെങ്കില്‍ മരത്തടികളടക്കം ലോറി ഉയര്‍ത്തിയെടുക്കുന്നത് വലിയ അധ്വാനം വേണ്ട ജോലിയായിരിക്കും. 

വാഹനം പരിശോധിച്ചാല്‍ മാത്രമേ അകത്ത് അര്‍ജുന്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂ. അര്‍ജുന്‍ കാബിനില്‍ തന്നെ ഉണ്ടാകാം എന്ന തരത്തിലുളള വിവരങ്ങളാണ് നേരത്തെ പുറത്തുവന്നിരുന്നത്. അര്‍ജുന്‍ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി ഉറങ്ങുകയായിരുന്നു എന്ന് അപകടം നടക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് കടന്നുപോയ ഇതേ കമ്പനിയിലെ മറ്റൊരു ലോറി ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത് സ്ഥിരീകരിക്കണമെങ്കില്‍ സ്കൂബാ സംഘം ലോറിക്ക് അരികിലെത്തണം.

രാവിലെ തന്നെ നാവികസേനയുടെ സ്കൂബാ സംഘം ലോറിക്കരികിലെത്തി ലോറി ഇരുമ്പ് വടം ഉപയോഗിച്ച് പുഴയില്‍ ഉറപ്പിച്ച് നിര്‍ത്തും, അതിന് ശേഷമായിരിക്കും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ ആരംഭിക്കുക. വാഹനത്തിന്‍റെ കാബിന്‍ തകര്‍ന്നിട്ടില്ലെങ്കില്‍‌ അതിനകത്ത് അര്‍ജുന്‍ ഉണ്ടാകാമെന്ന പ്രതീക്ഷയുണ്ട്. മറിച്ച് കാബിന്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ സ്കൂബാ സംഘം വെള്ളത്തിനിടയില്‍ വച്ചുതന്നെ കാബിനുള്ളില്‍ കയറി പരിശോധന നടത്താന്‍ ശ്രമിക്കും. ലോറി ഉയര്‍ത്തുന്നതിന് മുന്‍പ് വാഹനത്തിന് മുകളില്‍ എത്രമാത്രം മണ്ണുണ്ട് എന്നതടക്കമുള്ള കൃത്യമായ കാര്യങ്ങള്‍ അറിയണം. 

വെള്ളത്തിനടിയില്‍ മണ്ണില്‍ പുതഞ്ഞിരിക്കുന്ന വസ്തുക്കള്‍ വരെ കണ്ടെത്താനാകുന്ന അത്യാധുനിക ഡ്രോണ്‍ സംവിധാനമാണ് എത്തിച്ചിരിക്കുന്നത്. ഈ പരിശോധനകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അകത്ത് അര്‍ജുന്‍ ഉണ്ടോ എന്ന് ആദ്യം സ്ഥിരീകരിക്കുകയും ഏത് രീതിയില്‍ ലോറി ഉയര്‍ത്താം എങ്ങനെയായിരിക്കും ദൗത്യമെന്ന് തീരുമാനമെടുക്കുകയും ചെയ്യുക. ജില്ലാ കലക്ടറും എസ്പിയും അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.

ENGLISH SUMMARY:

Shirur Landslide; Navy's Scooba team to check the lorry under water