ജമ്മു കശ്മീരില്‍ കുപ്‌വാരയില്‍ പാക് സൈന്യംതന്നെ ആക്രമണം നടത്തിയതോടെ അതിര്‍ത്തിയില്‍ ഉടലെടുക്കുന്നത് ഗുരുതര സ്ഥിതി. മൂന്നുമാസത്തോളമായി ഭീകരാക്രമണങ്ങള്‍ പതിവായപ്പോള്‍തന്നെ പാക് സേനക്കുനേരെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതികരണമാണ് ഇനി നിര്‍ണായകം.
ജമ്മു കശ്മീര്‍ കലുഷിതമാണ്, മൂന്നുമാസത്തോളമായി വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല. മെയ് നാലിന് പൂഞ്ചില്‍ ഒരു വായുസേനാംഗം വീരമൃത്യുവരിച്ച ഭീകരാക്രമണത്തോടെയാണ് നിരന്തരം ആക്രമണങ്ങളും ഏറ്റുമുട്ടലുമുണ്ടായത്. ജൂണ്‍ 9ന് റിയാസിയില്‍ ഭീകരാക്രമണത്തില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് 9 പേര്‍. 33 പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ ഏറ്റമുട്ടലില്‍ ആറ് സൈനികര്‍ക്കും പരുക്കേറ്റു.
ജൂലൈ 8ന് കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യ വരിച്ചു. ഞെട്ടല്‍ മാറും മുമ്പേ ജൂലൈ 16ന് ദോഡയിലും ഭീകരരെ നേരിടുന്നതിനിടെ നാല് സൈനികർക്ക് വീരമൃത്യു.
ഭീകരസംഘനകളായ ജെയ്‌ഷെ മുഹമ്മദും ലഷ്‌കർ-ഇ-തൊയ്ബയുമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം. എന്നാല്‍ അതിര്‍ത്തിയിലെ ഭീകരസാനിധ്യം പാക് സൈന്യത്തിന്‍റെ അറിവോടെയാണെന്ന് നേരത്തെത്തന്നെ ആക്ഷേപമുണ്ട്. ആക്ഷേപം ശരിവയ്ക്കുന്നതാണ് പാക് സൈനികവിഭാഗം തന്നെ നേരിട്ട് നടത്തിയ ആക്രമണം. തുടര്‍ച്ചയായ ഭീകരാക്രണമത്തിനുപിന്നാലെ ജമ്മു കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. സൈന്യത്തിന്‍റെ അടുത്തനീക്കമാണ് ഇനി നിര്‍ണായകം.