ജമ്മു കശ്മീരിലെ കുപ്‍വാരയില്‍ സൈനിക പോസ്റ്റ് ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയിലുടനീളം ജാഗ്രത തുടര്‍ന്ന് ഇന്ത്യന്‍ സേന. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കാനാണ് സേനാ നീക്കം. അതിനിടെ, ജമ്മുവിലേക്ക് ബിഎസ്എഫിന്‍റെ രണ്ട് അധിക ബറ്റാലിയന്‍ സേനയെയും ഉടന്‍ വിന്യസിക്കും.
കടുത്ത മൂടല്‍മഞ്ഞ് മറയാക്കിയെത്തിയ പാക്കിസ്ഥാന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങളാണ് ഇന്നലെ പുലര്‍ച്ചെ, ഇന്ത്യന്‍ സൈനിക പോസ്റ്റിനുനേരെ ആക്രമണം നടത്തിയത്. ഒരു സൈനികന്‍ വീരമൃത്യുവരിക്കുകയും മറ്റ് നാല് കരസേനാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനമായത്. നിയന്ത്രണരേഖ കടന്ന പാക് സൈനിക ബന്ധമുള്ള ഭീകരസംഘത്തിലെ ഒരാളെ സൈന്യം വധിച്ചിരുന്നു. വരുംദിവസങ്ങളിലും നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുമെന്നാണ് സേനയുടെ വിലയിരുത്തല്‍. ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ജമ്മു ഡിവിഷനിലേക്ക് ബിഎസ്എഫിന്‍റെ രണ്ട് ബറ്റാലിയന്‍ സേനയെ അധികമായി വിന്യസിക്കും. നിലവില്‍ ഒഡീഷയില്‍ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിന്‍റെ ഭാഗമാണ് രണ്ടായിരത്തോളം ജവാന്‍മാരുള്ള ബിഎസ്എഫ് ബറ്റാലിയന്‍. നേരത്തെ ബിഎസ്എഫിന്‍റെ ഈ യൂണിറ്റുകളെ ഛത്തീസഗഡിലേക്ക് വിന്യസിക്കാനാണ് തീരുമാനമെടുത്തിരുന്നത്. ജമ്മു, പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാംബ കേന്ദ്രീകരിച്ചാകും ബിഎസ്എഫിന്‍റെ അധിക യൂണിറ്റിനെ വിന്യസിക്കുക.