neet-bill

പൊതുപരീക്ഷ ക്രമക്കേട് തടയാന്‍ രാജ്യസഭയില്‍ സ്വകാര്യബില്ലുമായി ഹാരിസ് ബീരാന്‍ എംപി. പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിൽ.അവതരണാനുമതി തേടി രാജ്യസഭാധ്യക്ഷന് കത്ത് നല്കി. പരീക്ഷ ക്രമക്കേടെന്ന വലിയ വിപത്തിനെ തടയാന്‍ സർക്കാർ കൊണ്ടുവരേണ്ട ബില്ലാണിതെന്നും തയ്യാറാകാത്തതുകൊണ്ടാണ് സ്വകാര്യബില്ലെന്നും ഹാരിസ് ബീരാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിനിടെ  പൊതുപരീക്ഷകളിലെ ക്രമക്കേട് ഒഴിവാക്കാൻ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലാണ് ഹാരിസ് ബീരാന്‍ എംപി രാജ്യസഭയിൽ കൊണ്ടുവരുന്നത്. അവതരണാനുമതി തേടി രാജ്യ സഭാധ്യക്ഷന് ജഗ്ദീപ് ധന്കറിന് നല്കിയ കത്തില് അനൂലപ്രതികരണം കാത്തിരിക്കുകയാണ് ഹാരിസ് ബീരാന്.പരീക്ഷാതട്ടിപ്പില് പെടുന്ന വിദ്യാർഥികൾക്ക് മൂന്നിൽ കുറയാത്ത വർഷം തടവും പിഴയും പരീക്ഷാവിലക്കും.

ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് കാരണക്കാരാകുന്നവർക്ക് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും. സർക്കാർ ഉദ്യോഗസ്ഥരാണ് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതെങ്കിൽ 10 വർഷത്തിൽ കുറയാതെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് നിർദേശിക്കുന്നത്. നിലവിലുളള വലിയ വിപത്തിനെതിരെ സര്‍ക്കാര്‍  ബില്‍ കൊണ്ടുവരാത്തതിനാലാണ് സ്വകാര്യ ബില്ലെന്നും ഇത് പൊതു സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള ബില്ലാണെന്നും ഹാരിസ് ബീരാന്‍. ഉത്തരക്കടലാസിൽ നിയമവിരുദ്ധമായി എഴുതുന്നവർക്കും സഹായിക്കുന്നവർക്കും തടവും പിഴയും നിർദേശങ്ങളിലുണ്ട്. ആൾമാറാട്ടം വഞ്ചന തുടങ്ങിയവയ്ക്കും  ബില്ലിൽ ശിക്ഷ ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

Private Bill in Rajya Sabha to prevent public examination irregularities; Harris Beeran MP sought permission to present