lucknow

TOPICS COVERED

വെള്ളക്കെട്ടിലൂടെ പോയ ബൈക്ക് യാത്രികരെ വെള്ളം തെറിപ്പിച്ചു വീഴ്​ത്തി സാമൂഹിക വിരുദ്ധര്‍. ഉത്തര്‍ പ്രദേശിലെ ലഖ്​നൗവിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന വെള്ളക്കെട്ടിലായിരിക്കുകയാണ് ലഖ്​നൗ. കഴിഞ്ഞ ബു്ധനാഴ്​ച താജ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ പോയ സ്​ത്രീക്കും പുരുഷനുമാണ് ദുരനുഭവം ഉണ്ടായത്.

ബൈക്കില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ഇവരുടെ മേലേക്ക് ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ റോഡിലെ വെള്ളം തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ചിലര്‍ ബൈക്ക് പിന്നിലേക്ക് വലിക്കുകയും ചെയ്​തു. തുടര്‍ന്ന് ബൈക്കിന്‍റെ നിയന്ത്രണം നഷ്​ടപ്പെടുകയും പുരുഷനും സ്​ത്രീയും വെള്ളത്തിലേക്ക് വീഴുകുമായിരുന്നു. ഇതിനിടക്ക് ഒരാള്‍ യുവതിയെ കയറിപിടിക്കുന്നതും വിഡിയോയില്‍ കാണാം. 

വഴിയിലൂടെ പോയ വാഹനങ്ങളൊന്നും ഇവര്‍ വെറുതെ വിട്ടില്ല. ഏതാനും കാറുകള്‍ക്ക് മുകളിലേക്കും വെള്ളം തെറിപ്പിക്കുകയും ഡോര്‍ തുറക്കുകയും ചെയ്യുന്ന വിഡിയോയും പുറത്ത് വന്നിരുന്നു. പൊലീസെത്തി യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയ യുവാക്കളെ സ്ഥലത്ത് നിന്നും മാറ്റി. പിന്നീട് പ്രതിഷേധം ഉയര്‍ന്നതോടെ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുവാക്കള്‍ക്കെതിരെ രോഷം പുകയുകയാണ്. ഇത് ലഖ്​നൗവിന്‍റെ സംസ്​കാരത്തിന്‍റെ ഭാഗമല്ലെന്നും യോഗി രാജിന്‍റെ പൊലീസ് തീര്‍ച്ചയായും നടപടിയെടുക്കുമെന്നുമാണ് ഒരാള്‍ കമന്‍റ് ചെയ്​തത്. ബൈക്കിലിരിക്കുന്ന പെണ്‍കുട്ടി ആരുടെയെങ്കിലും മകളാകാമെന്നും നാളെ നിങ്ങളടെ മകള്‍ക്കോ സഹോദരിക്കോ ഇങ്ങനെ സംഭവിക്കാമെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്. 

ENGLISH SUMMARY:

Woman on bike harassed, groped by mob