ജമ്മു കശ്മീരിലും ലഡാക്കിലുമായി രണ്ടിടങ്ങളില്‍ മേഘവിസ്ഫോടനം. ഒന്‍പതുപേര്‍ മരിച്ച ഹിമാചല്‍പ്രദേശിലും 24 പേര്‍ മരിച്ച ഉത്തരാഖണ്ഡിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. മധ്യപ്രദേശില്‍ ക്ഷേത്ര മതിലിടിഞ്ഞ് എട്ടുപേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ ഗണ്ഡേര്‍ബാല്‍ ജില്ലയിലെ ചെര്‍വാന്‍ കാംഗനിലാണ് രാവിലെ മേഘവിസ്ഫോടനമുണ്ടായത്. നിരവധി വീടുകളില്‍ വെള്ളംകയറി, വാഹനങ്ങള്‍ കുടുങ്ങി, കൃഷിയിടങ്ങളും നശിച്ചു. കല്ലും മണ്ണും റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ ശ്രീനഗര്‍ – കാര്‍ഗില്‍ പാതയടക്കം പ്രധാനപ്പെട്ട പല റോഡുകളും അടച്ചു.
നേരത്തെ മേഘവിസ്ഫോടനമുണ്ടായ ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും രക്ഷാദൗത്യം തുടരുകയാണ്. ഹിമാചലില്‍ ഇനിയും അന്‍പതോളം ആളുകളെ കണ്ടെത്താനുണ്ട്. 114 റോഡുകള്‍ അടച്ചതോടെ സംസ്ഥാനത്തെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഉത്തരാഖണ്ഡില്‍ സൈന്യത്തിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കേദർനാദിൽ കുടുങ്ങിയ പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു. നിലവിൽ കുടുങ്ങിക്കിടക്കുന്നവരെല്ലാം സുരക്ഷിതരാണെന്ന് സൈന്യം.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ക്ഷേത്ര മതിലിടിഞ്ഞ് എട്ടുപേര്‍ മരിച്ചു. ഇന്നലെ രേവയില്‍ കെട്ടിടം തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചിരുന്നു. സിന്ധിയില്‍ ഗോപാദ്, സോനെ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലേക്ക് ഉയര്‍ന്നതോടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ജാർഖണ്ഡിലെ ഗാർവയിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ദക്ഷിണ ഗുജറാത്തിൽ ഇന്നലെ മുതല്‍ കനത്ത മഴ. നവ്സാരിയിലാണ് മഴക്കെടുതികൾ രൂക്ഷമായത്. പൂർണ, കാവേരി, അംബിക നദികൾ കരകവിഞ്ഞു. നൂറുകണക്കിനുപേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുംബൈയിലും പുണെയിലും മഴയുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പുണെയിലെ മൂന്ന് ഡാമുകളുടെ ഷട്ടറുകൾ തുറന്നു.
മഴ തുടരുന്നതിനാല്‍ മുംബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകിയേക്കുമെന്ന് വിമാന കമ്പിനികള്‍ അറിയിച്ചു. കൊൽക്കത്തയിൽ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ വരെ കയറിയ മഴ വെള്ളം മണിക്കൂറുകള്‍ക്കുശേഷമിറങ്ങി.