വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിനെതിരെ കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്. ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമാണ്. ഭൂമി കയ്യേറാന്‍ രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുന്നു. മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാനം പദ്ധതി തയാറാക്കണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയെ കേരളം അവഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാംദിനത്തില്‍. റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍റെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച മേഖലയില്‍ ഇന്ന് പ്രത്യേകം തിരച്ചില്‍ നടത്തുന്നത്.  ഇരുന്നൂറ്റമ്പതോളംപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.  ഇതുവരെ 385 പേരാണ് മരിച്ചത്. ദുരന്തത്തിൽ മരിച്ച തിരിച്ചറിയാത്തവരുടെ സംസ്കാരം ഇന്നും നടക്കും. പുത്തുമലയിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് സംസ്കാരം. ഇന്നലെ 8 മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. അവശേഷിച്ച മൃതദേഹങ്ങളും, പലയിടത്തുനിന്നായി കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുമാണ് ഇന്ന് 4മണിക്ക് സംസ്കരിക്കുന്നത്. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.