പാലങ്ങള്‍ തകരുന്നതാണ് ബിഹാറിലെ ഒരു പതിവ് വാര്‍ത്ത. പക്ഷേ റാണിഗഞ്ച് ജില്ലയിലെ പരമാനന്ദ്പൂരിനും പരസരത്തുള്ളവര്‍ക്ക് പറയാനുള്ളത് പാടത്തിനു നടുവില്‍ തലയുര്‍ത്തി നല്‍ക്കുന്ന ഒരു പാലത്തെ കുറിച്ചാണ്. ഇവിടെ റോഡിനെ കുറിച്ച് ആലോചിക്കും മുമ്പേ റൂറല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റ്
പാലം പൂര്‍ത്തീകരിച്ചു . പാടശേഖരത്തിന് നടുവില്‍ തലയുയര്‍ത്തി നല്‍ക്കുന്ന പാലത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ ഉണര്‍ന്നു. എന്താണ് സംഭവിച്ചതെന്ന് പിന്നെ അന്വേഷണമായി.
പാലത്തില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള പരമാനന്ദ്പൂരില്‍ നിന്നാണ് പാലത്തിലേക്കുള്ള റോഡ് തുടങ്ങുന്നത്. കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കുന്ന തോടിന് മുകളിലാണ് പാലം പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ റോഡിനായി കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. സംഭവം വിവാദമായതോടെ റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെന്‍റ് എഞ്ചിനീയർമാരിൽ നിന്ന് ജില്ലാഭരണകൂടം വിശദമായ റിപ്പോർട്ട് തേടി. അലൈൻമെൻ്റ് അനുസരിച്ചാണോ ജോലി നടക്കുന്നതെന്ന് പരിശോധിക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് ഇനായത്ത് ഖാന്‍ പറഞ്ഞു.
റോഡില്ലാതെ പാലംപണിയാന്‍ ആരെങ്കിലും അമിതതാല്‍പര്യമെടുത്തിട്ടുണ്ടോ എന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട് .അത്തരത്തിലെന്തെങ്കിലുമുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
എന്തായാലും പ്രദേശത്തെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പാലമൊരു കൗതുകമാണ്. ഒപ്പം സായാഹ്നങ്ങളില്‍ കാറ്റുകൊണ്ടിരിക്കാന്‍ പറ്റിയ ഒരിടവും. ആറു മാസം മുമ്പാണ് പാലം പൂര്‍ത്തികരിച്ചതെന്നും അതിനുശേഷം തുടര്‍നിര്‍മാണങ്ങളൊന്നുമുണ്ടായില്ലെന്നും പ്രദേശത്തെ കര്‍ഷകര്‍ പറഞ്ഞു.