മാലിന്യക്കൂനയ്ക്ക് താഴെ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി. ബിഹാര്‍ തലസ്ഥാനമായ പട്നയിലാണ് സംഭവം. പതിവായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം നാട്ടുകാര്‍ വൃത്തിയാക്കാന്‍ തുടങ്ങിയപ്പോഴാണ് ശിവലിംഗം തെളിഞ്ഞത്. ഇതോടെ പുരാവസ്തു വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ ശിവലിംഗത്തിന് പുറമെ പാദമുദ്രകളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
കറുത്ത മിനുസമാര്‍ന്ന ഗ്രാനൈറ്റിലാണ് ഇത് കൊത്തിയിരിക്കുന്നത്. 15–ാം നൂറ്റാണ്ടിലേതാണ് ക്ഷേത്രമെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. സവിശേഷമാണ് ക്ഷേത്ര നിര്‍മിതി. ക്ഷേത്രത്തിന്‍റെ ഭിത്തിയില്‍ നിന്നും ജലം ഒഴുകി വരുന്ന രീതിയിലാണ് നിര്‍മാണം. പ്രദേശം വൃത്തിയാക്കി നാട്ടുകാര്‍ ഇവിടെ പൂജയും തുടങ്ങി. ശിവലിംഗം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വന്‍ ഭക്തജനപ്രവാഹമാണ് സ്ഥലത്തേക്കെന്ന് പൊലീസും പറയുന്നു. ഒട്ടേറെ പേരാണ് പൂക്കളും പാലും മധുരവും അര്‍പ്പിച്ച് മടങ്ങുന്നത്.
ആലംഗഞ്ച് സ്വദേശിയായ നാരായണബാഹുവിന്‍റേതാണ് സ്ഥലം. ഒരു സ്വാമിയാണ് ഇവിടെ താമസിച്ചിരുന്നത്. അദ്ദേഹം മരിച്ചതോടെ കുടുംബമൊന്നാകെ സ്ഥലം വിട്ടുപോവുകയും ചെയ്തു. ഇതോടെയാണ് ഇവിടെ അയല്‍വാസികള്‍ മാലിന്യം നിക്ഷേപിച്ച് തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ശിവലിംഗം കണ്ടെത്തിയ പ്രദേശത്ത് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു സംഘം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുമുണ്ട്. ശാസ്ത്രീയമായ പരിശോധനകള്‍ക്കായി വിദഗ്ധസംഘവും വൈകാതെ സ്ഥലം സന്ദര്‍ശിക്കും.