തോക്കുകള്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ വിഡിയോ വൈറലായതിനു പിന്നാലെ അന്വേഷണവുമായി പൊലീസ്. സംഭവത്തില്‍ പൊലീസിന്‍റെ തിരച്ചില്‍ മധ്യപ്രദേശിലെ മൊറേന ജില്ലാ ആസ്ഥാനത്ത് നിന്ന് കഷ്ടിച്ച് 18 കിലോമീറ്റർ അകലെയുള്ള അനധികൃത ആയുധ നിര്‍മാണശാലയിലാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസമാണ് നിരത്തിവച്ച തോക്കുകള്‍ ബ്രഷും സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. സ്ത്രീ തോക്കുകള്‍ വൃത്തിയാക്കുന്നതും മറ്റൊരാള്‍ നിര്‍ദേശം നല്‍കുന്നതുമാണ് വിഡിയോ. നിരവധി കമന്‍റുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്. കൂടാതെ, നിരവധിയാളുകള്‍ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
വിഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിഡിയോ അനധികൃത ആയുധ നിര്‍മാണശാലയിലേതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. യുവതിയുടെ ഭർത്താവ് ശക്തി കപൂർ സഖ്വാർ, ഭാര്യാപിതാവ് ബിഹാരിലാൽ എന്നിവർ ആയുധശേഖരവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.
പൊലീസ് പരിശോധനയില്‍ അനധികൃതമായി ആയുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്തു. അനധികൃത പിസ്റ്റളുകളുടെയും സെമി-ഫിനിഷ്ഡ് തോക്കുകളുടെയും വൻശേഖരവും പിടിച്ചെടുത്തു. ഡബിള്‍ബാരല്‍ ഗണ്ണുകളും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. വിഡിയോയില്‍ നിര്‍ദേശം നല്‍കുന്നയാള്‍ ശക്തി കപൂറാണെന്നും സ്ത്രീ ഇയാളുടെ ഭാര്യയാണെന്നുമാണ് പൊലീസ് പറയുന്നത്.
ആയുധ നിയമപ്രകാരം അച്ഛനും മകനുമെതിരെ ശനിയാഴ്ച എഫ്ഐആർ ഫയൽ ചെയ്തു. പൊലീസ് ഇവരെ അംബ കോടതിയിൽ ഹാജരാക്കി. ബിഹാരിലാലിനെ ജയിലിൽ റിമാൻഡ് ചെയ്തു, ശക്തിയെ ഒരു ദിവസത്തേക്ക് പൊലീസ് റിമാൻഡിൽ പാർപ്പിച്ചു. അനധികൃത ആയുധ വിതരണ ശൃംഖലയുടെ മുഴുവൻ വ്യാപ്തിയും കണ്ടെത്തുന്നതിനും സഹായികളെ കണ്ടെത്തുന്നതിനുമായി പൊലീസ് ശക്തിയെ ചോദ്യം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.