എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും. 400 വനിതകള്‍ ഉള്‍പ്പെടെ തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍  വിശിഷ്ടാതിഥികളായി പങ്കെടുക്കും. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.  

വികസിത ഭാരതം എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയം. രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. താഴെത്തട്ടുമുതല്‍ ജനാധിപത്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിതകളടക്കം തദ്ദേശ സ്ഥാപന ജനപ്രതിനിധികളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചത്. ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ ഫുള്‍ഡ്രസ് റിഹേഴ്സല്‍ നടന്നു. 

ചെങ്കോട്ടയിലും പരിസരത്തുമായി പതിനായിരം സുരക്ഷാസൈനികരെ വിന്യസിച്ചു. തലസ്ഥാന നഗരത്തില്‍ 700 എ.ഐ. ക്യമാറകളും സ്ഥാപിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം, റെയില്‍വെ സ്റ്റേഷനുകള്‍, ബസ്റ്റാന്‍ഡുകള്‍, മാളുകള്‍ തുടങ്ങി തിരക്കേറിയ ഇടങ്ങളില്‍ പൊലീസിനൊപ്പം അര്‍ധസൈനിക വിഭാഗങ്ങങ്ങളും സുരക്ഷയൊരുക്കുന്നുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അണിനിരക്കും

ENGLISH SUMMARY:

India is gearing up to celebrate its 78th Independence Day