• ഡല്‍ഹിയിലും പഞ്ചാബിലും ഭീകരാക്രമണഭീഷണി
  • പാക് പിന്തുണയുള്ള ഭീകരര്‍ ചാവേറാക്രമണം ലക്ഷ്യമിടുന്നുവെന്ന് മുന്നറിയിപ്പ്
  • സ്വാതന്ത്ര്യദിനച്ചടങ്ങുകള്‍ക്കും തൊട്ടടുത്ത ദിവസങ്ങളിലും സുരക്ഷ കൂട്ടും

ജമ്മു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയിലെ രണ്ടുപേര്‍ സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലോ പഞ്ചാബിലോ ചാവേറാക്രമണത്തിന് പദ്ധതിയിട്ട് നീങ്ങുന്നതായി ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തില്‍ തലസ്ഥാനം കനത്ത സുരക്ഷാവലയത്തിലായിരിക്കും എന്നതിനാല്‍ തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഭീകരരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതുവഴിയാണ് വിവരം ലഭിച്ചത്. ജമ്മുകശ്മീരില്‍ കത്വയിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ആയുധങ്ങള്‍ ഉള്‍പ്പെടെയാണ് ഭീകരര്‍ നീങ്ങുന്നതെന്നാണ് ഐബി മുന്നറിയിപ്പ്. ഇവരില്‍ ആരെങ്കിലും മുന്‍പ് ആക്രണം നടന്ന പഠാന്‍കോട്ട് നഗരത്തില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

A security personnel during full dress rehearsal for the 78th Independence Day celebrations at Red Fort, in New Delhi

ജൂണ്‍ ഒന്നിന് ഐ.ഇ.ഡി ഉള്‍പ്പെടെയുള്ളവ തയാറാക്കാന്‍ കഴിയുന്ന സ്ഫോടക വസ്തുക്കള്‍ ജമ്മുവിലെത്തിച്ചതായാണ് വിവരം. ഇത് സുരക്ഷാസേനകള്‍, ക്യാംപുകള്‍, സൈനിക – സര്‍ക്കാര്‍ വാഹനങ്ങള്‍, തന്ത്രപ്രധാന കെട്ടിടങ്ങള്‍, കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കുനേരെ ആക്രമണത്തിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഐബി മുന്നറിയിപ്പുനല്‍കുന്നു. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ പിന്തുണയുള്ള പഞ്ചാബിലെ കുറ്റവാളികളും തീവ്രവാദഗ്രൂപ്പുകളും ഭീകരരും സ്വാതന്ത്ര്യദിന ചടങ്ങുകള്‍ അലങ്കോലപ്പെടുത്താന്‍ തുനിഞ്ഞേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിക്കയിടങ്ങളിലും അധിക സുരക്ഷാവിന്യാസം നടത്തുന്നുണ്ട്. അമര്‍നാഥ് തീര്‍ഥാടനത്തിനും സുരക്ഷ വര്‍ധിപ്പിച്ചു.

Security arrangements at Red Fort ahead of Independence Day celebrations, in New Delhi

കത്വ. ദോഡ, ഉധംപുര്‍, രജൗരി, പൂഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഇവിടെ സായുധ ഭീകരരുടെ സാന്നിധ്യം വര്‍ധിച്ചതിന് തെളിവാണ്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകള്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനകേന്ദ്രങ്ങളും ജനങ്ങള്‍ കൂട്ടമായെത്തുന്ന സ്ഥലങ്ങളും ലക്ഷ്യമിടുന്നതായി നേരത്തേ ഇന്‍റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ മാത്രമല്ല രാഷ്ട്രപതിയുടെ ‘അറ്റ് ഹോം’ വിരുന്നിനടക്കം പ്രധാനവ്യക്തികള്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും സുരക്ഷാഓഡിറ്റ് വിപുലമാക്കി. പ്രധാനമന്ത്രി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഏറെനേരം തുറസ്സായ സ്ഥലത്ത് ചെലവിടുന്നതും അവിടെത്തന്നെ നൂറുകണക്കിന് ജനങ്ങള്‍ ഒത്തുചേരുന്നതുമാണ് ഇത്തരം പരിപാടികളെ ലക്ഷ്യമിടാന്‍ ഭീകരരെ പ്രേരിപ്പിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Preparations underway for the 78th Independence Day celebrations at Red Fort, in New Delhi

ഇക്കുറിയും പ്രധാന ഭീഷണി പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഭീകരസംഘടനകളില്‍ നിന്നുതന്നെയാണ്. എന്നാല്‍ ജമ്മുകശ്മിരിലും പഞ്ചാബിലുമടക്കം പ്രവര്‍ത്തിക്കുന്നതും രൂപപ്പെട്ടതുമായ തദ്ദേശിയ ഗ്രൂപ്പുകളുടെ ഭീഷണിയും പലമടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഐബിയും പൊലീസ്, മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗങ്ങളും അറിയിക്കുന്നത്.

Security personnel conduct a mock drill during full dress rehearsal for the 78th Independence Day celebrations at Red Fort, in New Delhi

ENGLISH SUMMARY:

The Intelligence Bureau has issued a warning about a potential suicide attack in Delhi or Punjab by two members of a Jammu-based terrorist group around Independence Day, with the attack possibly occurring shortly after due to tight security in the capital. The terrorists, suspected to have acquired weapons from a border village in Kathua, Jammu, may also target Pathankot. Explosive materials, including IEDs, were reportedly delivered to Jammu on June 1, intended for attacks on security forces, military vehicles, and strategic sites. Increased security measures are being implemented across Punjab and Delhi, with a particular focus on major events and public gatherings, as the threat from Pakistan-based and local terrorist groups remains high.