എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കമാന്‍ഡര്‍ അരുണ്‍ കുമാര്‍ മേത്തയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. വികസിത ഭാരതം 2047 എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയം. ക്ഷണിക്കപ്പെട്ട ആറായിരത്തോളംപേര്‍ ചെങ്കോട്ടയിലെ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. പാരിസ് ഒളിംപിക്സില്‍ പങ്കെടുത്ത കായിക താരങ്ങള്‍ മുതല്‍ ഗോത്രസമൂഹ, കര്‍ഷക പ്രതിനിധികള്‍ക്കുമെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്. കര്‍ശന സുരക്ഷയിലാണ് രാജ്യതലസ്ഥാനം.

അതേസമയം, സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും. രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തും. വിവിധ സായുധ സേന വിഭാഗങ്ങളില്‍ നിന്നും അശ്വാരൂഢ സേന, എന്‍.സി.സി, സക്ൗട്സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവരില്‍ നിന്നും മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകളും ജീവന്‍രക്ഷാ പതക്കങ്ങളും മുഖ്യമന്ത്രി സമ്മാനിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണര്‍ രാജ്ഭവനില്‍ നല്‍കുന്ന ചായ സല്‍ക്കാരം വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണയുണ്ടാകില്ല. 

ENGLISH SUMMARY:

78th Independence day; PM Modi to lead celebrations at Red fort.