silver-stars-foundation-campaign

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 78ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ 149 ദശലക്ഷം വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുവേണ്ടി കാംപെയിനുമായി സിൽവർസ്റ്റാർസ് ഫൗണ്ടേഷന്‍. സ്വതന്ത്ര ഇന്ത്യയ്ക്ക് അടിത്തറ ഒരുക്കിയെങ്കിലും ഇന്നും ദുരിത പൂര്‍ണ ജീവിതം നയിക്കുന്നവര്‍ക്കായുള്ള ആദരമാണ് കാംപെയിന്‍.  #SalaamGen60 എന്ന കാംപെയിന്‍റെ ഭാഗമായി സംഗീത വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

 

പലയിടങ്ങളിലും അവഗണിക്കപ്പെടുന്ന മുതിര്‍ന്നവരിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധതിരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിന്‍റെ പിന്തുണയോടെ അവര്‍ക്ക് സുരക്ഷയൊരുക്കാനും അവരുടെ ജീവിതം കൂടുതല്‍ ക്രിയാത്മകമാക്കുവാനുമാണ് മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തിയുള്ള ഈ മ്യൂസിക് വിഡിയോയിലൂടെ ലക്ഷ്യമിടുന്നതെന്ന് സിൽവർസ്റ്റാർസ് ഫൗണ്ടേഷന്‍ പറയുന്നു. ഏറെ പ്രശസ്തമായ ‘നൻഹ മുന്ന രഹി ഹൂൻ’ എന്ന ഹിന്ദി രാഷ്ട്രഭക്തി ഗാനമാണ് വിഡിയോയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

‘ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ് ഈ വിഡിയോ. മുതിർന്ന പൗരന്‍മാര്‍ നല്‍കിയ അളവറ്റ സംഭാവനകളെ നമ്മള്‍ പ്രോല്‍സാഹിപ്പിക്കുകയും ആരാധിക്കുകയും ചെയ്യണം. #SalaamGen60 എന്ന കാംപെയിനിലൂടെ നമ്മുടെ മുതിർന്നവർക്കൊപ്പം നിൽക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുകയും നല്ല മാറ്റവും ഐക്യവും  പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ വയോജനങ്ങളുടെ പോരാട്ടങ്ങളിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ കൊണ്ടുവരുന്നതിൽ നിങ്ങളുടെ‌യും പങ്കാളിത്തം നിർണായക പങ്ക് വഹിക്കും. അവരുടെ ശബ്ദം കേള്‍ക്കാന്‍ ആളുണ്ടെന്നും അവരുടെ അന്തസ്സ് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും നമുക്ക് ഉറപ്പാക്കാം’ സിൽവർസ്റ്റാർസ് ഫൗണ്ടേഷന്‍റെ സ്ഥാപകയായ മീനാക്ഷി മേനോൻ പറയുന്നു.

ഓരോ മുതിർന്നയാളും ഒരു സിൽവർസ്റ്റാർ ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു- ജ്ഞാനവും അനുഭവവും കൊണ്ട് അവര്‍ തിളങ്ങുന്നു. ഈ ‘സില്‍വര്‍സ്റ്റാര്‍സ്’ അവരുടെ കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും സമൂഹത്തെയും നയിക്കാൻ പ്രാപ്തതരാണ്. പ്രായമേറുന്തോറും തങ്ങൾ ഒരു ഭാരമാണെന്ന തോന്നല്‍ അവരിലുണ്ടാകുന്നു, അപ്രസക്തരായി തോന്നുന്നു, പലപ്പോഴും നമ്മളും അവരെ മറന്നുപോകുന്നു. ദിവസേനയുള്ള ഇവരുടെ ജീവിതത്തോടുള്ള പോരാട്ടത്തില്‍ അവരെ പിന്തുണയ്ക്കാനും കൈകോർക്കാനും ഞങ്ങളുണ്ട് എന്നാണ് സില്‍വര്‍സ്റ്റാര്‍ ഫൗണ്ടേഷന്‍റെ വെബ്സൈറ്റ് പറയുന്നത്.

‘നമ്മളിൽ പലർക്കും സാമ്പത്തികമായും വൈകാരികമായും ഇവരെ സഹായിക്കാന്‍ സാധിക്കും എന്നാല്‍ അതിന് എവിടെ പോകണം എന്തുചെയ്യണം എന്നുമാത്രം അറിയില്ല. ഇതിനായുള്ള ഇടമാണ് സില്‍വര്‍സ്റ്റാര്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് സഹായിക്കുന്നുതെന്ന് മനസ്സിലാക്കുക’, മീനാക്ഷി മേനോൻ സില്‍വര്‍സ്റ്റാര്‍സിന്‍റെ വെബ്സൈറ്റില്‍ കുറിച്ചു.

ENGLISH SUMMARY:

As the country celebrates its 78th year of independence, SilverStars Foundation launched a campaign for the country's 149 crore senior citizens. The campaign is a tribute to those who laid the foundation for independent India but are still living miserable lives. A music video has also been released as part of the #SalaamGen60 campaign.