ed-rahul

TOPICS COVERED

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) പുതിയ ഡയറക്ടറായി രാഹുൽ നവിന്‍ എത്തുമ്പോള്‍ ആകാംഷയും നെഞ്ചിടിപ്പുമേറി പ്രമുഖര്‍.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിൻ്റെ ഭാഗമായ നിയമന സമിതിയാണ്  തീരുമാനമെടുത്തത് എന്നിരിക്കെ  മോദി സര്‍ക്കാരിന്‍റെ വിശ്വസ്ന്‍ തന്നെ ഇഡി തലപ്പത്തേക്കെത്തുമ്പോള്‍ ഇനിയുള്ള നീക്കങ്ങളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇഡി പിടിമുറുക്കുന്നവരുടെ ലിസ്റ്റില്‍ അടുത്ത ഊഴം തന്‍റെതാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്.

 ഇഡി സ്പെഷ്യൽ ഡയറക്ടറായിരുന്ന രാഹുലിന് 2023 സെപ്റ്റംബറിൽ സഞ്ജയ് മിശ്ര പദവി ഒഴിഞ്ഞതോടെ അധിക ചുമതല നൽകിയിരുന്നു.കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ആക്ടിംഗ് ചീഫ് ആയി നവിൻ പ്രവർത്തിച്ചിരുന്ന കാലത്ത്, ഒട്ടേറെ പ്രമുഖരെ ഇഡി അകത്താക്കിയിരുന്നു. രാഹുല്‍ ആക്ടിംഗ് പദവി വഹിക്കുമ്പോഴായിരുന്നു വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ച രണ്ട് അറസ്റ്റുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത്സോറൻ എന്നിവരെയായിരുന്നു നവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗിനേയും ഈ കാലയളവിലാണ് അറസ്റ്റുചെയ്തത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നതായി പറയപ്പെടുന്ന കള്ളപ്പണം വെളുപ്പിക്കലിൻ്റെ പേരിൽ   ആംആദ്മി പാര്‍ട്ടിയെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കുന്നതിനും നേതൃത്വം നല്‍കിയത് നവീനായിരുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തില്‍ പ്രതിസ്ഥാനത്ത് വരുന്നതും.

 വ്യാജരേഖ ചമച്ച് 2020– 22ൽ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലായിരുന്നു ഹേമന്ത് സോറന്റെ അറസ്റ്റ്. മറ്റു രണ്ടു കേസുകൾ കൂടി ഇ.ഡി അന്വേഷിക്കുന്നുണ്ട്. 2021 ൽ റാഞ്ചിയിലെ അംഗാരയിൽ  ഖനിയുടെ പാട്ടക്കരാർ നേടിയ കേസിലും സ്വന്തം മണ്ഡലമായ ബർഹൈതിൽ അനധികൃത ഖനനത്തിൽ പങ്കാളിയായി എന്നതിലുമാണ് അന്വേഷണം നേരിടുന്നത്. മുഖ്യമന്ത്രിയായിരിക്കെ ഖനനക്കരാർ നേടിയതിനു സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപെട്ടായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ്.മദ്യവില്‍പ്പനയ്ക്ക് ലൈസൻസ് നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.പദവിയിലിരിക്കേ അഴിമതിക്കേസിൽ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയായി  കെജ്‌രിവാൾ.  കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും നേരിട്ടു.നാഷണൽ ഹെറാൾഡ് പത്രത്തിനെതിരെ നടത്തിയ അന്വേഷണത്തിൽ 751 കോടി രൂപയുടെ സ്വത്തുക്കളും ഏജൻസി കണ്ടുകെട്ടി.

ഐആർഎസ് ഉദ്യോഗസ്ഥനായിട്ടാണ് രാഹുൽ നവിന്‍ കരിയർ ആരംഭിക്കുന്നത്.1993 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് രാഹുൽ. നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിൽ അഡീഷണൽ ഡയറക്ടറായും ഇൻകം ടാക്സ് കമ്മീഷണറായും നവിൻ പ്രവർത്തിച്ചിരുന്നു. 2011 മുതൽ 2015 വരെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിൻ്റെ (CBDT) ഫോറിൻ ടാക്സ് ആൻഡ് ടാക്സ് റിസർച്ച് ഡിവിഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

 നിലവില്‍ ആക്ടിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നവീന്റെ നിയമനം രണ്ടു വര്‍ഷത്തേക്കാണ്. ഇഡി സ്‌പെഷ്യല്‍ ഡയറക്ടറായി 2019 നവംബറിലാണ് നവീന്‍ ചുമതലയേറ്റത്. സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തെ ആക്ടിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു.സഞ്ജയ് കുമാര്‍ സിങ്ങിന് തുടര്‍ച്ചയായി ഡയറക്ടര്‍ പദവി നീട്ടികൊടുത്തത് സുപ്രീംകോടതി ചോദ്യം ചെയ്തതോടെയാണ് അദ്ദേഹത്തെ മാറ്റി നവീനെ ആക്ടിങ് ഡയറക്ടറാക്കുന്നത്. ഇഡി മേധാവി കസേരയിലേക്ക് കേന്ദ്രസര്‍ക്കാര്‍ വിശ്വസ്തനായ നവീനെത്തുമ്പോള്‍ ഇനിയാരാണ് അടുത്ത വലിയ ഇര എന്നതാണ് ഉയരുന്ന ചോദ്യം.രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നതുകൊണ്ടും നവീന്‍റെ വരവിന് മാനങ്ങളേറെ.

When Rahul Navin arrived as the new director of the Enforcement Directorate (ED), the prominent people were excited: