kuttanellur

കരുവന്നൂരിന് പിന്നാലെ സിപിഎം നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലും ഇഡി അന്വേഷണത്തിന് തുടക്കം. കള്ളപ്പണമിടപാടുകള്‍ അന്വേഷിക്കാന്‍ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത ഇഡി, നിക്ഷേപകര്‍ക്കും പരാതിക്കാര്‍ക്കും നോട്ടീസ് അയച്ചു. ബാങ്കിന്‍റെ ഭരണസമിതി അംഗങ്ങളെയും ഉടന്‍ ചോദ്യം ചെയ്യും. 

 

പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിക്ഷേപകരോട് ഈയാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. കരുവന്നൂരിന് സമാനമാണ് എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള കുട്ടനെല്ലൂര്‍ ബാങ്കിലെയും തട്ടിപ്പെന്നാണ് പരാതി. വായ്പകള്‍ അനുവദിച്ചതിലാണ് ഗുരുതര ക്രമക്കേടുകള്‍. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ള ഒട്ടേറെ പേര്‍ക്ക് അംഗത്വം നല്‍കി വായ്പ അനുവദിച്ചു. ചെറിയ ഈടിന്മേല്‍ അനുവദനീയമായതില്‍ ഇരട്ടിയോ അതിലധികമോആയിരുന്നു വായ്പ.  ഒരേ വസ്തു തന്നെ ഈടാക്കി അഞ്ചില്‍ കൂടുതല്‍ വായ്പകളും അനുവദിച്ചിട്ടുണ്ട്. ഭരണസമിതിയിലെ അംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും ബന്ധുകള്‍ അടക്കമുള്ളവരായിരുന്നു ഗുണഭോക്താക്കള്‍. വഴിവിട്ട് വായ്പ നല്‍കിയെന്ന ആരോപണം ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണവും ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കിലെ നിയമനങ്ങളെചൊല്ലി ഉടലെടുത്ത തര്‍ക്കമാണ് രണ്ട് വര്‍ഷം മുന്‍പ് ക്രമക്കേടുകള്‍ പുറത്താകാന്‍ കാരണം. പരാതികള്‍ക്ക് പിന്നാലെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 32.92 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 2020-21 സാമ്പത്തികവര്‍ഷത്തില്‍ മാത്രം ബാങ്കിന്‍റെ നഷ്ടം ഒന്‍പതരകോടിക്ക് മുകളില്‍.  മുന്‍ ഭരണസമിതിയംഗങ്ങള്‍ സിറ്റിങ് ഫീസിനത്തിലും ചിട്ടി കമ്മിഷന്‍ ഇനത്തിലും 72 ലക്ഷം നേടിയതായും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് പാര്‍ട്ടിയുടെ നെഞ്ചിടിപ്പേറ്റി കുട്ടനെല്ലൂരിലേക്കും ഇഡിയുടെ രംഗപ്രവേശം.

ED begins investigation into Kuttanellur Cooperative Bank fraud :