highroch

ഹൈറിച്ച് സാമ്പത്തികതട്ടിപ്പ് കേസില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകളിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ ഇഡി. റിമാന്‍ഡില്‍ കഴിയുന്ന എംഡി കെ.ഡി. പ്രതാപനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ക്രിപ്റ്റോ ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം. 

 

സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഹൈറിച്ച് പകർത്തിയത് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ തട്ടിപ്പ് വണ്‍കോയിന്‍ മാതൃകയാണെന്നാണ് ഇഡി കണ്ടെത്തല്‍.  വണ്‍കോയിന്‍ പോലെ ഹൈറിച്ചിന്‍റെ എച്ച്ആര്‍ കോയിനും വ്യാജ ക്രിപ്റ്റോയെന്ന് ഇഡി കണ്ടെത്തി. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച കോടികള്‍ പ്രതാപനം കൂട്ടരും അവരുടെ സ്വകാര്യ ക്രിപ്റ്റോ വോലറ്റുകളിലേക്ക് മാറ്റിയതിന്‍റെ കൃത്യമായ തെളിവുകളും ഇഡിക്ക് ലഭിച്ചു. പ്രതാപനും കൂട്ടരും ഇത് കൈമാറിയില്ലെങ്കിലും ഇക്കണോമിക് ഫോറന്‍സിക് വിഭാഗത്തിന്‍റെ സഹായത്തോടെയാണ് നിര്‍ണായക വിവരങ്ങള്‍ സമാഹരിച്ചത്. പ്രതാപന്റെ പേരില്‍ എട്ടും ഹൈറിച്ച് സ്മാര്‍ടെക് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേില്‍ മൂന്ന് ക്രിപ്റ്റോ വാലറ്റുകളാണുള്ളത്. ഇതുവഴിയെത്തിയ നിക്ഷേപങ്ങള്‍ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് "ബിനാൻസിലെ" മൂന്ന് അക്കൗണ്ടുകളിലേക്കും എത്തിയിട്ടുണ്ട്. ക്രിപ്റ്റോ ഇടപാടുകള്‍ക്കായി യുകെയില്‍ ഒരു കമ്പനിയും പ്രതാപന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈറോക്സ് എന്ന ഈ കമ്പനിയുമായി സഹകരിച്ചാണ് എച്ചആര്‍ കോയിന്‍ ഇടപാടുകളെന്നാണ് പ്രതാപന്‍ തെറ്റിധരിപ്പിച്ചിരുന്നത്. മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ ഈ കമ്പനി അടച്ചുപൂട്ടി. ഹൈറിച്ചിന്റെ സംഘടിത കുറ്റകൃത്യത്തിന് രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന് ഉറപ്പിക്കുന്നതാണ് ഈ വിവരങ്ങള്‍. പ്രതാപനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് വഴി ഇതില്‍ കൂടുതല്‍ വ്യക്തതവരുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. ഹൈറിച്ചിനെതിരെ പരാതിനല്‍കിയവര്‍ക്കെതിരെ ഭീഷണിയും തുടരുകയാണ്.  പ്രതാപനെ അടുത്ത ആഴ്ച രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡിയുടെ ആവശ്യം.

ed-is-unraveling-the-mystery-of-cryptocurrency-transactions-in-the-high-profile-financial-fraud-case: