മുംബൈ അടല്‍സേതു കടല്‍പാല‍ത്തില്‍ നിന്ന് അബദ്ധത്തില്‍ കാല്‍വഴുതിയ സ്ത്രീയെ ടാക്സി ഡ്രൈവര്‍ അതി സാഹസികമായി രക്ഷപ്പെടുത്തി. മുടിയില്‍ പിടിച്ച് 57കാരിയെ  രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.  

അടല്‍സേതു കടല്‍പാലത്തിന്‍റെ നാവസേവ ഭാഗത്തുവച്ച് ഇന്നലെ വൈകിട്ടാണ് സംഭവം. 

ടാക്സി നിര്‍ത്താന്‍ ആവശ്യപ്പെട്ട സ്ത്രീ കാറില്‍ നിന്നിറങ്ങി പൊടുന്നനെ പാലത്തിന്‍റെ കൈവരിയിലേക്ക് കയറി. കയ്യില്‍കരുതിയ മതപരമായ ചില ചിത്രങ്ങള്‍ കടലിലേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കാല്‍വഴുതി വീഴാന്‍ തുടങ്ങിയ ഇവരെ തൊട്ടടുത്ത് നിന്ന ടാക്സി ഡ്രൈവര്‍ അതി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. 

മുടിയില്‍ പിടിച്ചാണ് ഇവരെ വീഴാതെ പിടിച്ചുനിര്‍ത്തായത്. തുടര്‍ന്ന് ട്രാഫിക് പൊലീസുകാരുടെ സഹായത്തോടെ ഇവരെ വലിച്ചുകയറ്റി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ടാക്സി ഡ്രൈവറുടെ സമയോചിത ഇടപെടലിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. 57കാരിയായ ഈ സ്ത്രീയ്ക്ക് മാനസികഅസ്വാഥ്യമുണ്ടെന്ന് ഇവരുടെ കുടുംബം പൊലീസിനോട് പറഞ്ഞു. 

ബോധപൂര്‍വം ഇവര്‍ ചാടാന്‍ ശ്രമിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. പൂര്‍ണമായും കടലിന് കുറുകെയുള്ള 16 കിലോമീറ്റര്‍ വരുന്ന പാലത്തിന്‍റെ പരിധിയില്‍ വാഹനം നിര്‍ത്താന്‍ അനുവാദമില്ല. ഇവിടെ നിന്ന് ചാടിയുള്ള ആത്മഹത്യകളും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാക്രമീകരണം ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 

ENGLISH SUMMARY:

Driver, cops rescue woman from plunging into sea from Atal Setu