പ്രതീകാത്മക ചിത്രം

TOPICS COVERED

പട്ടങ്ങള്‍ കൊരുത്ത സ്ഫടികം പൂശിയ ചരടില്‍ കുരുങ്ങി രാജ്യതലസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് നൂറോളം പക്ഷികള്‍ക്ക് .  നഗരത്തിലെ റസ്ക്യൂ സെന്‍ററുകളിലും ആശുപത്രികളിലും  ചികില്‍സയ്ക്കെത്തിച്ച പക്ഷികളുടെ കണക്കാണിത് . ചരടില്‍കുരുങ്ങി ഡല്‍ഹി ട്രാഫിക്ക് സ്റ്റേഷനിലെ എഎസ്ഐയ്ക്കും പരുക്കേറ്റു . പട്ടങ്ങളില്‍ സ്പടികം പൂശിയ നൂലുകള്‍ ഉപയോഗിക്കരുതെന് ഉത്തരവ് വ്യാപകമായി  അട്ടിമറിക്കപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലെ ഒരു മുഖ്യവിനോദമാണ് പട്ടംപറത്തല്‍.

2017 ജനുവരി 10 മുതൽ ഡൽഹിയിൽ ഗ്ലാസ് കോട്ടിങ്ങുള്ള പട്ടചരടുകളുടെ  വിൽപ്പനയും ഉപയോഗവും  നിരോധിച്ചിരുന്നു. വ്യക്തമായ നിരോധനം ഉണ്ടായിരുന്നിട്ടും ചൈനീസ് മഞ്ചയെന്ന റിയപ്പെടുന്ന ഈ നൂലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  എല്ലാവര്‍ഷവും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അധികൃതരുടെ ഇടപെടലും പരിമിതമാണ്.  മഞ്ചയിൽ നിന്നും പരുക്കേല്‍ക്കാറുള്ള ചില പക്ഷികൾക്ക് വീണ്ടും പറക്കാൻ കഴിയില്ലെന്ന് വസീറാബാദിലെ വൈൽഡ് ലൈഫ് റെസ്ക്യൂ സെൻ്റർ ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാല്‍ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ കൃത്യമായി നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രാവുകള്‍ക്കും കാക്കകള്‍ക്കുമാണ് സാധാരണയായി ഈ പട്ടങ്ങള്‍ കൊണ്ട് പരുക്കേല്‍ക്കാറുള്ളത്. അവയുടെ ചിറകുകൾ തന്നെ മുറിഞ്ഞുപോകാറുണ്ട് .  ശരീരഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേല്‍ക്കുന്നതും പതിവാണ്.

 ചില  ചരടുകള്‍ക്ക് പക്ഷികളുടെ ചിറകുകളോ ശരീരമോ പൂർണ്ണമായി മുറിക്കാൻ കഴിയുന്നത്ര മൂർച്ചയുണ്ട്. ആഗസ്റ്റ് 15 ന് പട്ടം പറത്തൽ അവസാനിച്ചതിന് ശേഷമുള്ള ദിവസങ്ങളിലാണ് ഇത്തരത്തില്‍ പരുക്കേറ്റ പക്ഷികളെ തെരുവോരങ്ങളില്‍ കണ്ടെത്താറുള്ളത്. 

ഓഗസ്‌റ്റ് 19 ന് രക്ഷാബന്ധൻ വരെ പട്ടം പറത്തൽ തുടരുന്നതിനാൽ കൂടുതല്‍ പക്ഷികള്‍ക്ക് പരുക്കേല്‍ക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.   നിരോധനം ഉണ്ടായിരുന്നിട്ടും ഡൽഹിയിൽ എല്ലാ വർഷവും ഇത്തരം നിയമലംഘനങ്ങൾ പതിവാണെന്ന് ആക്ഷേപം. 

ഭക്ഷണം തേടിയെത്തുമ്പോള്‍ മരങ്ങളിലും കുറ്റിച്ചെടികളിലും കിടക്കുന്ന അയഞ്ഞ പട്ടചരടുകളില്‍  പക്ഷികള്‍ കുടുങ്ങുന്നു. ചരടില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിന്‍റെ ഭാഗമായുള്ള പിടച്ചിലില്‍ പക്ഷികളുടെ ശരീരം മുറിയും.  രക്തംവാര്‍ന്ന് അവ ചാവുകയും ചെയ്യും. 

വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ഡല്‍ഹി ട്രാഫിക് പൊലീസിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രയ്ക്ക് ചൈനീസ് മാഞ്ച കൊണ്ട് പരുക്കേറ്റത്. രാവിലെ ഏഴരയോടെ യമുന വിഹാറില്‍  നിന്ന് പഞ്ചാബി ബാഗ് സർക്കിളിലേക്ക്  പോകുംവഴി മഞ്ച കഴുത്തില്‍ കുടുങ്ങുകയായിരുന്നു . പരുക്കേറ്റ ഉടൻ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ല. 

നിരോധിത ചരടുകള്‍  ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയ നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 16 വരെ 14,000 ചൈനീസ് മഞ്ചയുടെ റോളുകൾ പിടിച്ചെടുത്തു. 191 കേസുകള്‍ രജിസ്റ്റർ ചെയ്തു.  200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.  ഇത്തരം ചരടുകളുടെ  നിർമ്മാണം, വിൽപന, സംഭരണം,  ഉപയോഗം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.  എന്നാല്‍ ഇത്തരംകേസുകളില്‍  പിടിയിലാകുന്നവരെ നിസാര പിഴ ഈടാക്കി വിട്ടയക്കുകയാണ് പൊലീസിന്‍റെ പതിവെന്ന് ആക്ഷേപമുയരുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം ആറ് മാസം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റകൃത്യത്തിനുള്ള പിഴ. എന്നാല്‍ 2017ലെ  നിരോധനത്തിനുശേഷം  ഡൽഹിയിൽ ഇത്തരം കേസുകളില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല

ENGLISH SUMMARY:

Hundreds Of Birds Were Injured And Killed In Delhi By Chinese Manja On Independence Day