indian-railway-food

പ്രതീകാത്മക ചിത്രം.

TOPICS COVERED

ട്രെയിനുകളിൽ ഐആർസിടിസി വിതരണം ചെയ്യുന്ന ഭക്ഷണം സംബന്ധിച്ച പരാതികളേറുന്നതായി വിവരാവകാശ രേഖ. 2022 മാർച്ച് മുതൽ 2024 ഫെബ്രുവരി വരെ ഭക്ഷണത്തിൻറെ ശുചിത്വവും ഗുണനിലവാരവും സംബന്ധിച്ച പരാതികളിൽ 500 ശതമാനം വർധനവാണുളളതെന്നാണ് കണക്കുകൾ. 2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെ 6,948 പരാതികളാണ്  ലഭിച്ചത്. 2022 മാർച്ചിൽ 1,192 പരാതികളും. വന്ദേഭാരത്, രാജധാനി, ശതാബ്ദി, ദുരന്തോ അടക്കമുള്ള പ്രീമിയം ട്രെയിനുകളിലും ഭക്ഷണം രക്ഷയില്ല.

ട്രാക്കിൽ പുതിയ പ്രീമിയം ട്രെയിനുകളെത്തിച്ചെങ്കിലും ഭക്ഷണത്തിൽ ‍‌മാറ്റമില്ലെന്ന് ചുരുക്കം.  2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെ 123 പരാതികളാണ് വന്ദേഭാരതിൽ നിന്ന് മാത്രം ലഭിച്ചത്.  ചത്ത പ്രാണികളും ഇച്ചകളും  ഭക്ഷണത്തിൽ നിന്ന് ലഭിച്ചെന്നായിരുന്നു മുഖ്യപരാതി.  2021 ഏപ്രിൽ മുതൽ 2024 ഫെബ്രുവരിവരെ ആകെ 11,850 പരാതികളാണ് ലഭിച്ചത്. പരാതികളിലെടുത്ത നടപടിയാണ്  എറെ വിചിത്രം. 68 കാരണം കാണിക്കൽ നോട്ടീസുകൾ റെയിൽവെ നൽകി.  റദ്ദാക്കിയതാകട്ടെ മൂന്ന് കരാറുകൾ മാത്രം. 1,518 ഐആർസിടിസി കരാറുകളിൽ നിന്നാണ് മൂന്ന് വർഷത്തിനിടെ മൂന്ന് പേർക്കെതിരെ നടപടിയെടുത്തത്. 

അതേസമയം പരാതി കുറയുകയാണെന്നാണ് ഐആർസിടിസി ന്യായീകരണം. 2021-22 കാലത്ത് പ്രതിദിനം 5 ലക്ഷം പാക്കറ്റ് ഭക്ഷണം വിതരണം ചെയ്യുമ്പോൾ 14 പരാതികൾ വീതമാണ് ലഭിച്ചത്. ഇത് 0.0029 ശതമാനം മാത്രമാണ്. 2023-24 ൽ 16 ലക്ഷം ഭക്ഷണംപയ്ക്കറ്റുകൾ   വിതരണം  ചെയ്യുമ്പോൾ പ്രതിദിനം 20 പരാതികൾ ലഭിക്കുന്നു. ഇതാവട്ടെ 0.0012 ശതമാനവും.  

ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണ നിലവാരം അതീവ ആശങ്കയുണ്ടാക്കുന്നതാണെന്നായിരുന്നു 2017 ൽ സിഎജി നടത്തിയ നിരീക്ഷണം. യാത്രക്കാർക്ക് ശുചിയായി ഭക്ഷണം നൽകാൻ കഴിയുന്നില്ല. പലപ്പോഴും  ഇച്ച എലി മറ്റ് പ്രാണികൾ പൊടി എന്നിവയില്ലാതെ ഭക്ഷണം നൽകാൻ ഐആർസിടിസിക്ക് സാധിക്കുന്നില്ലെന്നും സിഎജി വ്യക്തമാക്കിയിരുന്നു.