Prayagraj: Crowd of passengers at the Prayagraj Junction owing to Maha Kumbh Mela 2025, in Prayagraj, Monday, Feb. 10, 2025. (PTI Photo/Shahbaz Khan) (PTI02_10_2025_000014B)
രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. തിരക്ക് അനുഭവപ്പെടുന്ന 60 റെയില്‍വെ സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കുഭമേളയോട് അനുബന്ധിച്ച് ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് റെയില്‍വെ പുതിയ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുന്നത്. തിരക്ക് കുറയ്ക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.
തിരക്ക് അനുഭവപ്പെടുന്ന 60 സ്റ്റേഷനുകളില്‍ പൂർണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പൈലറ്റ് പ്രൊജക്ടിന്‍റെ ഭാഗമായി ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരണാസി, അയോധ്യ, പാട്ന സ്റ്റേഷനുകളില്‍ ഈ രീതി നടപ്പിലാക്കി തുടങ്ങി. ഇനി മുതല്‍ റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയെത്താല്‍ മാത്രമെ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. റിസർവ് ചെയ്ത കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ. സുരക്ഷയുടെ ഭാഗമായി എല്ലാ അനധികൃത പ്രവേശനങ്ങളും അടച്ചിടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. കുംഭമേളയില്‍ പ്രയോഗിച്ച് വിജയിച്ച തരത്തിലുള്ള 12 മീറ്റര്‍, ആറു മീറ്റര്‍ വീതികളിലുള്ള പുതിയ ഡിസൈന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ റെയില്‍വെ സ്റ്റേഷനുകളില്‍ നിര്‍മിക്കും. ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ കുംഭമേളയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സഹായിച്ചു എന്നാണ് കണ്ടെത്തല്‍.
സ്റ്റേഷനിലും സമീപത്തുള്ള പ്രദേശങ്ങിലും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സ്റ്റേഷൻ ഡയറക്ടറായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. സ്റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താന്‍ ഡയറക്ടർമാർക്ക് സാമ്പത്തികമായി അധികാരമുണ്ടായിരിക്കും. സ്റ്റേഷന്റെ ശേഷിയും ട്രെയിൻ സര്‍വീസുകളും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരമടക്കം ഡയറക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കും