Shiroor

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ചു. ഗോവയിൽ നിന്ന് ഡ്രജർ എത്തിയ ശേഷം  ദൗത്യം പുനരാരംഭിക്കും. പുഴയ്ക്കടിയിൽ കാഴ്ചാപരിമിതി ഉള്ളതിനാൽ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങില്ല.

 

വെള്ളിയാഴ്ചത്തെ തിരച്ചിലിന് ശേഷം പുഴയ്ക്കടിയിൽ കാഴ്ചാ പരിമിതിയുണ്ടെന്ന് ദൗത്യസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഷിരൂരിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയും വെല്ലുവിളിയാണ്. ഇതോടെയാണ് താത്ക്കാലികമായി തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഡ്രജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമെ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഗോവയിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഡ്രജർ എത്തിക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ചയെടുക്കും. ഈ വിവരം അർജുന്റെ കുടുംബത്തെ അറിയിച്ചു.

രണ്ടാം ഘട്ട തിരച്ചിലിന്റെ ഭാഗമായി ഈശ്വർ മൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയും ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തിയിരുന്നു. തിരച്ചിലിൽ ചില ലോഹ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും ഹൈഡ്രോളിക് ജാക്കി മാത്രമായിരുന്നു അർജുന്റെ വാഹനത്തിന്റെത്. അർജുന് പുറമെ പ്രദേശവാസികളായ ലോകേഷ്, ജഗന്നാഥ എന്നിവരെക്കൂടി കണ്ടെത്താനുണ്ട്

ENGLISH SUMMARY:

Search for Arjun, who went missing in a landslide in Shirur, has been suspended.