doctors-strike-01

കൊൽക്കത്തയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിനിടെ, മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെ തുടർച്ചയായി നാലാംദിനവും സിബിഐ ചോദ്യംചെയ്യുകയാണ്. ബംഗാളിലുടനീളം പ്രതിഷേധങ്ങള്‍ തുടരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നിൽ റസിഡന്‍റ് ഡോക്ടർമാര്‍ പ്രതിഷേധിക്കുകയാണ്.

 

തല, മുഖം, കഴുത്ത്, കൈ, വയർ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി ആകെ 14 മുറിവുകളാണ് ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയത്. ലൈംഗിക വൈകൃതമുള്ള വ്യക്തിയുടെ ക്രൂരതയുടെ തെളിവുകളെല്ലാം 31കാരി ഡോക്ടറുടെ ദേഹത്തുണ്ട്. ക്രൂരമായ ബലാല്‍സംഗത്തിനുശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കുശേഷമായിരുന്നു അതിക്രൂരമായ ബലാല്‍സംഗവും കൊലപാതകവും. അതിനിടെ, ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ നാലാംദിനവും സിബിഐ ചോദ്യംചെയ്യുന്നു. 

സിബിഐയ്ക്ക് വിവരങ്ങള്‍ നല്‍കാനായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ്  ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം സിബിഐ ഓഫിസിലെത്തി. അതിനിടെ, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെയും കാണും. ബിജെപി നാളെ മുതല്‍ മൂന്ന് ദിവസം ബംഗാളില്‍ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്തു. മമത ബാനര്‍ജിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി ആക്രമണത്തില്‍ അഞ്ചുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 

ആര്‍ജി കാര്‍ സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തുള്ള തൃണമൂല്‍ എംപി സുകേന്ദു ശേഖര്‍ റോയ് അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സമൂഹമാധ്യമങ്ങളിലൂെട വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും ചില ഡോക്ടര്‍മാര്‍ക്കും പൊലീസ് നോട്ടിസയച്ചു. അതിനിടെ, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി ഉടന്‍‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫിസിന് മുന്‍പില്‍ റസിഡ‍ന്റ് ഡോക്ടര്‍മാരുടെ പ്രതിഷേധസമരം തുടരുന്നു. 36 വിഭാഗങ്ങളിലെ ഓപി സേവനങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍വച്ച് നല്‍കാന്‍ തയാറെന്ന് റസിഡന്‍റ് ഡോക്ടര്‍മാര്‍.

ENGLISH SUMMARY:

Kolkata doctor rape case: Post mortem report updates