modi-ukraine

Image Credit : Facebook

റഷ്യയ്ക്ക് പിന്നാലെ  യുക്രെയ്ന്‍ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓ​ഗസ്റ്റ് 23-നാണ് മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ക്ഷണം സ്വീകരിച്ചാണ് യാത്ര. 30 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഒാഗസ്റ്റ് 21,22 തിയതികളില്‍ മോദി പോളണ്ട് സന്ദര്‍ശിക്കും. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 45 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. പോളണ്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗമായിരിക്കും മോദി യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെടുക. യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം കടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം.

യുക്രെയ്നിലെത്തുന്ന മോദി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി തന്മയ ലാല്‍ പറഞ്ഞു. റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സമാധാനം പുനസ്ഥാപിക്കാനുളള ഇടപെടലായിരിക്കും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക എന്നും തന്മയ ലാല്‍ അറിയിച്ചു. റഷ്യ യുക്രെന്‍ യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം പുനസ്ഥാപിക്കാനുമായി ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നതായും തന്മയ ലാല്‍ ചൂണ്ടിക്കാട്ടി. റഷ്യ യുക്രെയ്ന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലും കൂടിയാണ് മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം. 

ENGLISH SUMMARY:

Narendra Modi to visit Ukraine