TOPICS COVERED

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. രോഗികളുടെ കൂട്ടിരിപ്പുകാരെ നിയന്ത്രിക്കണമെന്നും വിദഗ്ധ പരിശീലനം നേടിയ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. കൊല്‍‌ക്കത്ത ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരുകയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ചോദ്യംചെയ്യാന്‍ സി.ബി.ഐ വീണ്ടും വിളിപ്പിച്ചു.

മെഡിക്കല്‍ കോളജുകളിലും എയിംസ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ 12 ഇന നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.  ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ സ്വീകരിക്കാവുന്ന നിയമനടപടികളുടെ വിശദാംശങ്ങള്‍ ആശുപത്രി പരിസരത്ത് പ്രദര്‍ശിപ്പിക്കണം.  പ്രധാന സ്ഥലങ്ങളിലെല്ലാം CCTV സ്ഥാപിക്കുകയും ഡാര്‍ക് സ്പോട്ടുകള്‍ കണ്ടെത്തി സുരക്ഷ വര്‍ധിപ്പിക്കുകയും വേണം. രാത്രിസമയങ്ങളില്‍ വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗക്കുകയാണെങ്കില്‍ ഒന്നിലധികം പേര്‍ ഉണ്ടാവണം. ഇവര്‍ക്ക് ആശുപത്രിക്കുള്ളിലും പുറത്തും സഞ്ചരിക്കാന്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണം.  അനധികൃതമായി ആളുകള്‍ കടക്കുന്നത് തടയാന്‍ എല്ലാ ജീവനക്കാര്‍ക്കും ഐ.ഡി. കാര്‍ഡ് നിര്‍ബന്ധമാക്കണം. രോഗിക്കൊപ്പം പരമാവധി രണ്ടുപേരെ മാത്രമെ അനുവദിക്കാവൂ എന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. കൊല്‍ക്കത്തയില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരുകയാണ്.  നഗരത്തിലെ റോഡുകളില്‍ പ്രതിഷേധ സന്ദേശങ്ങളുമായി ഗ്രഫിറ്റി പ്രത്യക്ഷപ്പെട്ടു. ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ ഇന്നും ചോദ്യംചെയ്യുകയാണ്. ഡല്‍ഹിയിലെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് രാഷ്ട്രപതിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കും,. 

ENGLISH SUMMARY:

Central government's recommendations to strengthen security in medical colleges