കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാല്‍സംഗ കൊലയില്‍ സുപ്രീംകോടതിയുടെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ബംഗാൾ സർക്കാർ. അതേസമയം മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ സിബിഐ ഇന്നും ചോദ്യംചെയ്യുന്നു . ഡൽഹിയിൽ റസിഡന്റ് ഡോക്ടർമാരുടെ പ്രതിഷേധവും പത്താംദിവസത്തിലേക്ക് കടന്നു.
ആറുദിവസങ്ങളിലായി 60 മണിക്കൂർ പിന്നിട്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഇന്ന് വീണ്ടും സിബിഐ ഓഫിസിൽ ഹാജരായത്. കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പൊലീസ് എഎസ്ഐ അനൂപ് ദത്തയെയും സിബിഐ ചോദ്യംചെയ്തു. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയുടെ സുരക്ഷച്ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു. സിഐഎസ്എഫ് നോർത്ത് ഈസ്റ്റ് സോൺ ഡിഐജി കുമാർ പ്രതാപ് സിങ് നേരിട്ടെത്തി സുരക്ഷാവിന്യാസം വിലയിരുത്തി.
സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെ രണ്ട് എസിപിമാരെയും ഒരു ഇന്‍സ്പെക്ടറെയും ബംഗാള്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. എന്നാൽ സുപ്രീംകോടതി ഇടപെട്ടിട്ടും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരാനാണ് റസിഡന്റ് ഡോക്ടർമാരുടെ തീരുമാനം. ജന്തര്‍ മന്തറില്‍ പ്രതീകാത്മക ഓപി നടത്തി പ്രതിഷേധം. ആർഎംഎൽ ആശുപത്രിയിലും ഡ്യൂട്ടി ബഹിഷ്കരിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചു.