വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍റെ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിലേക്കുള്ള മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്്ത് മടങ്ങിയ മാധ്യമപ്രവര്‍ത്തകരെ ജെഎന്‍യുവിലെ സുരക്ഷാവിഭാഗം മര്‍ദിച്ചു.
ജെഎന്‍യുവിലെ പ്രത്യേക പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കുക, സര്‍വകലാശാലയില്‍ ജാതി സെന്‍സസ് നടത്തുക, സ്കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥി യുണിയന്‍റെ നേതൃത്വത്തില്‍ ക്യാംപസില്‍നിന്ന് സര്‍വകലാശാലയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്.
ക്യാംപസിന് പുറത്തേക്കിറങ്ങിയുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. യുണിഫോമില്ലാത്ത ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍. ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയ മാധ്യമപ്രവര്‍ത്തകരെ സര്‍വകലാശാലയിലെ സുരക്ഷാവിഭാഗം കയ്യേറ്റംചെയ്തു. ദേശാഭിമാനി ഫോട്ടോഗ്രഫര്‍ സുജിത്ത്, 24 റിപ്പോര്‍ട്ടര്‍ ആര്‍.അച്ചുതന്‍, 24 ക്യാമറാമാന്‍ മോഹന്‍ കുമാര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. മലയാള മനോരമ ലേഖിക ശരണ്യ ഭുവനചന്ദ്രന് നേരെ അസഭ്യവര്‍ഷവുമുണ്ടായി. സുരക്ഷാവിഭാഗം പിടിച്ചുവച്ച ക്യാമറകള്‍ വിദ്യാര്‍ഥികള്‍കൂടി ഇടപെട്ടതോടെയാണ് വിട്ടുനല്‍കിയത്.