assam-case-accused

TOPICS COVERED

അസമിലെ ധിങ്ങിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി മരിച്ച നിലയില്‍. ശനിയാഴ്ച പുലർച്ചെ പൊലീസ് കസ്​റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് പ്രതിയായ തഫാസുൽ ഇസ്ലാം കുളത്തിലേക്ക് ചാടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് അറസ്റ്റിലായ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ കുളത്തിൽ ചാടിയത്. കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രക്ഷോഭം വ്യാപകമാകുന്ന ഘട്ടത്തിലാണ് മുഖ്യപ്രതിയുടെ മരണം.

ശനിയാഴ്ച പുലർച്ചെ 3.30നാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് തഫാസുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇതിനിടെ ഇയാള്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്കു ചാടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. രണ്ടു മണിക്കൂറിനു ശേഷം പ്രതിയുടെ മൃതദേഹം പൊലീസിന് ലഭിക്കുകയായിരുന്നു. കേസിലെ പ്രതികളായ മറ്റ് രണ്ട് പേരെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

അസമിലെ നഗോൺ ജില്ലയിലാണ് 14കാരിയെ കൂട്ടബലാൽസംഗം ചെയ്ത് വഴിയരികിൽ ഉപേക്ഷിച്ചത്. വ്യാഴാഴ്ച രാത്രി 8ന് ട്യൂഷൻ കഴിഞ്ഞു സൈക്കിളിൽ മടങ്ങുമ്പോൾ ധിങ്ങിൽ വച്ച് മോട്ടർ സൈക്കിളിലെത്തിയ 3 പേർ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ കുളക്കരയിൽ ഉപേക്ഷിച്ച് സംഘം കടന്നു. നാട്ടുകാരാണു വിവരം പൊലീസിനെ അറിയിച്ചത്.  സംഭവത്തിന് പിന്നാലെ സംസ്ഥാനത്തു പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു. 

ENGLISH SUMMARY:

The accused in the Assam gang rape case jumped into the pond and died