കൊല്‍ക്കത്തയില്‍ ഡോക്ടറുടെ ബലാല്‍സംഗ കൊലയില്‍ ഏഴുപേരുടെ നുണപരിശോധന പൂര്‍ത്തിയാക്കി സിബിഐ. കൃത്യത്തില്‍ പങ്കില്ലെന്ന് മുഖ്യപ്രതി സഞ്ജയ് റോയ് ആവര്‍ത്തിച്ചെന്ന് റിപ്പോര്‍ട്ട്. അതിനിടെ, സാമ്പത്തിക ക്രമക്കേട് അന്വേഷണത്തില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിന്‍റെ വീട്ടില്‍നിന്ന് വിവിധ രേഖകള്‍ പിടിച്ചെടുത്തു.
മുഖ്യപ്രതി സഞ്ജയ് റോയിക്ക് പുറമെ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, കൊലപ്പെട്ട ഡോക്ടര്‍ക്കൊപ്പം അവസാന മണിക്കൂറുകളിലുണ്ടായിരുന്ന സഹപാഠികളായ നാല് ഡോക്ടര്‍മാര്‍, സഞ്ജയ് റോയിയുടെ അടുത്ത സുഹൃത്തായി മറ്റൊരു സിവിക് വോളന്‍റിയര്‍ എന്നിവരെയാണ് രണ്ട് ദിവസമായി സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ഓഗസ്റ്റ് ഒന്‍പതാം തീയതി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ മരിച്ചുകിടക്കുകയായിരുന്നുവെന്നും പരിഭ്രാന്തനായി താന്‍ പുറത്തേക്ക് പോയെന്നുമുള്ള മൊഴി മുഖ്യപ്രതി സഞ്ജയ് റോയ് നല്‍കിയെന്നാണ് വിവരം. എന്നാല്‍ സഞ്ജയ് റോയിയുടെ കേസിലെ പങ്കാളിത്തം തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ സിബിഐ ശേഖരിച്ചുകഴിഞ്ഞു. അതിനിടെ, മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്‍റെ വീട്ടിലെ റെയ്ഡില്‍ വിവിധ രേഖകള്‍ സിബിഐ പിടിച്ചെടുത്തു.
അഞ്ച് ബോക്സുകളിലായി ഫയലുകള്‍ കൊല്‍ക്കത്തയിലെ സിബിഐ ഓഫിസിലെത്തിച്ചു. ആശുപത്രി മുന്‍ സൂപ്രണ്ട് സഞ്ജയ് വസിഷ്ട്, മറ്റൊരു ഡോക്ടര്‍ ദേബാഷിഷ് ഷോം, വ്യവസായി ബിബ്ലബ് സിങ് എന്നിവരെയും സിബിഐ ചോദ്യംചെയ്തു. മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടില്‍ ഡോ. സന്ദീപ് ഘോഷിനെ പ്രതിചേര്‍ത്താണ് സിബിഐ അന്വേഷണം. ഡോക്ടറുടെ കൊലപാതകത്തില്‍ ഡോ. സന്ദീപ് ഘോഷിനെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല.