തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ ആണ് അപകടത്തില്‍ മരിച്ചത്. അപകടം നടക്കുമ്പോള്‍ മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മഞ്ചനെ ഉടനടി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഗിണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മഞ്ചനെ ഇടിച്ചത് തമിഴ് നടി രേഖ നായരുടെ കാറാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ഡ്രൈവർ പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ജാഫർഖാൻപേട്ടില്‍ അപകടം നടന്നത്.
അപകടസമയത്ത് രേഖയാണോ കാറോടിച്ചത്, രേഖ കാറിലുണ്ടോയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. എഴുത്തുകാരി കൂടിയായ രേഖ നായർ പാർഥിപൻ സംവിധാനം ചെയ്ത ഇരവിൻ നിഴൽ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും വേഷമിട്ട രേഖ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.