സമരംചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയെയാണ് ലക്ഷ്യമിട്ടതെന്നും വിദ്യാര്‍ഥികളുടെ സമരം ന്യായമാണെന്നും മമത വിശദീകരിച്ചു. കലാപത്തിനാണ് മമത ആഹ്വാനം ചെയ്തതെന്നും ഉത്തരകൊറിയന്‍ ഏകാധിപതിയുടെ ഭാഷയാണ് മമതയ്ക്കെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. കൊല്‍ക്കത്തയില്‍ ബി.ജെ.പി ധര്‍ണ തുടരുകയാണ്.
ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയുടെ വാര്‍ഷികാഘോഷച്ചടങ്ങളില്‍ മമത ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. ബംഗാളില്‍ അരാജകത്വത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. ബംഗാള്‍ കത്തിയാല്‍ അസമും ബിഹാറും ജാര്‍ഖണ്ഡും ഒഡീഷയും ഡല്‍ഹിയും കത്തും. നിയന്ത്രണം നഷ്ടപ്പെട്ടാന്‍ എന്തുചെയ്യുമെന്ന് പറയാനാവില്ല,. മാറ്റമാണ് പ്രതികാരമല്ല വേണ്ടതെന്ന മുദ്രാവാക്യം മാറ്റിവയ്ക്കുകയാണ്. ബംഗാളിനെതിരെ ഗൂഢാലോചന നടത്തുന്നവരുടെ മുഖംമൂടി മാറ്റാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അണികളോട് മമത ആഹ്വാനംചെയ്തു. സമരംചെയ്യുന്ന വിദ്യാര്‍ഥികളോടുള്ള ഭീഷണിയാണ് മമതയുടേതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പദവിയിലിരുന്ന് കലാപത്തിന് ആഹ്വാനംചെയ്യുകയാണ്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോം ഉന്നിനെപ്പോലെയാണ് മമതയുടെ പെരുമാറ്റമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. സമരംചെയ്യുന്ന ഡോക്ടര്‍മാരെ മമത അപമാനിച്ചെന്ന് ഷെഹ്സാദ് പൂനെവാലയും കുറ്റപ്പെടുത്തി. എന്നാല്‍ ബി.ജെ.പിക്കെതിരെയാണ് പറഞ്ഞതെന്നും തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും മമത സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചു