വൻ സംഘർഷമുണ്ടായ മണിപ്പുരിലെ കാങ്ചുക്പില്‍ അതീവ ജാഗ്രത. കുക്കി സായുധ സംഘം നടത്തിയത് ഡ്രോണില്‍ RPG ഷെല്ലുകൾ പ്രയോഗിച്ച് ആക്രമണം അതീവ ഗൗരവത്തോടെയെടുത്ത് സുരക്ഷാ ഏജൻസികൾ. കാങ്ചുക്പിലെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആര്‍പിജി ഷെല്ലുകളുമായി മലമുകളില്‍നിന്ന് ഡ്രോണുകള്‍ പറന്നുപൊങ്ങുന്നു. സുരക്ഷാസേനയ്ക്കും എതിര്‍വിഭാഗത്തിലെ ആളുകള്‍ക്കും നേരെ ഷെല്ലുകള്‍ പ്രയോഗിക്കുന്നു. യുദ്ധമുന്നണിയില്‍ മാത്രം കാണേണ്ട പുത്തന്‍ യുദ്ധമുറയാണ് ഇന്നലെ കുക്കി സായുധ സംഘങ്ങള്‍ പുറത്തെടുത്തത്. രൂപമാറ്റം വരുത്തിയ ഡ്രോണുകളില്‍ സൈനിക നിലവാരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിച്ചത് വന്‍ സുരക്ഷാ ഭീഷണിയായിട്ടാണ് വിവിധ ഏജന്‍സികള്‍ വിലയിരുത്തുന്നത്. സ്നൈപ്പർ തോക്കുകളും ഉപയോഗിച്ചു. രണ്ടുപേരുടെ മരണത്തിലും സുരക്ഷാസേനാംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകനുമടക്കം പരുക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ കാങ്ചുക്പില്‍ അതീവ ജാഗ്രത തുടരുന്നു. പ്രത്യേക ദൂതനെ നിയോഗിച്ച് ഇരുവിഭാഗങ്ങളുമായി ചർച്ചനടത്തി ആറുമാസത്തിനകം സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രഖ്യാപിച്ചിരിക്കേയാണ് വീണ്ടും സംഘർഷമുണ്ടായത്.