മണിപ്പൂര്‍ കലാപത്തില്‍ ക്ഷമാപണം നടത്തി മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്. മണിപ്പൂര്‍ ഈ വര്‍ഷം കടന്ന് പോയത് നിര്‍ഭാഗ്യകരമായ സംഭവ വികാസങ്ങളിലൂടെ. 2025ല്‍ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനാവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെയും പുനരധിവാസത്തിനുള്ള ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും എന്‍ ബിരേന്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രിയും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായിരുന്നു എന്‍ ബിരേന്‍ സിങിന്റെ മാപ്പ് പറച്ചില്‍. ഒന്നര വര്‍ഷത്തിലധികമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുലരാനുതകുന്ന പ്രസ്താവനകളൊന്നും നടത്താത്ത എന്‍ ബിരേന്‍ സിങ് പക്ഷം ചേര്‍ന്ന് ഒരു വിഭാഗത്തെ ഭീകരരെന്ന് വന്ന് വരെ വിളിച്ചിട്ടുണ്ട്. സ്വവസതിയില്‍ നടത്തിയ വര്‍ഷാന്ത്യ വാര്‍ത്ത സമ്മേളനത്തിലായിരുന്നു അപ്രതീക്ഷിത മാപ്പ് പറച്ചില്‍. 2023 മെയ് മുതല്‍ നടന്ന സംഭവ വികാസങ്ങളില്‍ പശ്ചാത്തപിക്കുന്നു. കലാപത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. നാല് മാസമായി സാമാധാനത്തിലേക്കുള്ള പാതയിലാണ് സംസ്ഥാനം. അടുത്ത വര്‍ഷം സമാധാനത്തിന്റേതാകുമെന്ന് വിശ്വസിക്കുന്നു എന്നുമായിരുന്നു ബിരേന്‍ സിങിന്റെ വാക്കുകള്‍. കലാപത്തിലിതുവരെ 12,247 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 625 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബിരേന്‍ സിങ് അറിയിച്ചു. 5600 ആയുധങ്ങളടക്കം 35,000 വെടിക്കോപ്പുകള്‍ തിരിച്ച് പിടിച്ചതായും ബിരേന്‍ സിങ് അവകാശപ്പെട്ടു. ബിരേന് സിങിന് സമാനമായി പ്രധാനമന്ത്രി മാപ്പ് പറയാത്തതെന്തെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം .ലോകവും രാജ്യവും ചുറ്റി നടന്നിട്ടും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല എന്നും ജയ്റാം രമേശ് വിമര്‍ശിച്ചു.