രഹസ്യവ‌ിവാഹം ചെയ്ത ശേഷം  വേറിട്ട് ജീവിച്ചിരുന്നവരുടെ ദാമ്പത്യത്തിന് ഒടുവില്‍ ദാരുണാന്ത്യം. ഒരുമിച്ച് ജീവിക്കണമെന്നാവശ്യപ്പെട്ട ഭാര്യയെ യുവാവ് കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന് സമീപമാണ് സംഭവം . ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മന്യയെന്ന ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് . തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍  ഭര്‍ത്താവ് ഗൗതമിനെ അറസ്റ്റ് ചെയ്തു 

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിട്ടുകാരെ അറിയിക്കാതെ ഗൗതം മന്യയെ ജീവിതസഖിയാക്കിയത് . തുടര്‍ന്ന് ഇരുവരും സ്വന്തം വീടുകളില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇടയ്ക്കിടെ പുറത്തുവച്ച് ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നു. ഞായറാഴ്ചയും ഗൗതം പതിവുപോലെ മന്യയെ കാണാനെത്തി . രജൗരി ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച . വേറിട്ട് ഇനിയും കഴിയാനാകില്ലെന്നും ഒരുമിച്ച് ജീവിക്കണമെന്നും മന്യ ആവശ്യപ്പെട്ടു . ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി . ഒടുവില്‍ കാറില്‍ വച്ച് ഗൗതം  മന്യയെ കുത്തിക്കൊല്ലുകായിരുന്നെന്ന് പൊലീസ് പറഞ്ഞു . ഒട്ടേറെ തവണ ഇയാള്‍ മന്യയെ കുത്തി. രക്തംവാര്‍ന്ന് അവര്‍ കാറില്‍ തന്നെ മരണമടഞ്ഞു. 

മന്യ മരിച്ചെന്ന്  ഉറപ്പായതോടെ  ഗൗതം ശിവാജി കോളേജിലെ റെഡ് ലൈറ്റിന് സമീപം കാർ നിർത്തി. ഷര്‍ട്ട് ധരിക്കാതെ കാറില്‍ നിന്ന് ഇറങ്ങിവരുന്ന ഗൗതമിനെ കണ്ട്  ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന് സംശയം തോന്നി.  പൊലീസ് കാര്‍ പരിശോധിച്ചതോടെ കൊലപാതകം വ്യക്തമാവുകയും  ഗൗതമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രജൗരി ഗാർഡൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു

ENGLISH SUMMARY:

Man Stabs His Wife to Death, Leaves Body in Car in West Delhi